ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി


ദുബായ്: ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി മെഡല്‍. ലോക രണ്ടാം നമ്പര്‍ നമ്പര്‍ താരവും ഇരുപതുകാരിയുമായ ജപ്പാന്റെ അകാനേ യമാഗുച്ചിയാണ് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി.  21-15, 21-12, 21-19 എന്ന സ്‌കോറിനായിരുന്നു യമാഗുച്ചി സിന്ധുവിനെ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് അനായാസം നേടിയ സിന്ധുവിന് അടുത്തസെറ്റുകളില്‍ കനത്ത വെല്ലുവിളിയാണ് യമാഗുച്ചി ഉയര്‍ത്തിയത്. സാങ്കേതിക ബദ്ധതയുടെ സമ്പൂര്‍ണതയെന്താണെന്ന് സിന്ധുവിനെ പഠിപ്പിച്ച യമാഗുച്ചി രണ്ടാം സെറ്റ് അനായാസം നേടി. മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. എന്നാല്‍ സിന്ധു വരുത്തിയ അസാധാരണമായ പിഴവുകള്‍ യമാഗുച്ചിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. ഇരുവരും ഇതുവരെ എട്ടുതവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ആറുതവണയും വിജയം സിന്ധുവിനായിരുന്നു. പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ കാലിടറുക എന്ന പതിവിന് ലോകസൂപ്പര്‍ സീരീസിലും സിന്ധുവിന് അന്ത്യം കുറിക്കാനായില്ല. സര്‍വീസുകളില്‍ പോലും സിന്ധു പിഴവ് വരുത്തിയിരുന്നു. രണ്ടു മൂന്നും സെറ്റുകളില്‍ അപൂര്‍വമായെങ്കിലും അവര്‍ക്ക് ലീഡുനേടാനുമായി. പക്ഷേ നിലനിര്‍ത്താനായില്ല.

ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയ എട്ടുതാരങ്ങളാണ് ലോകസൂപ്പര്‍ സീരീസ് ഫൈനലില്‍ ഏറ്റുമുട്ടിയത്. പുരുഷവിഭാഗത്തില്‍, സീസണില്‍ നാലു കിരീടങ്ങള്‍ നേടിയ കെ ശ്രീകാന്തും രണ്ടു കിരീടങ്ങള്‍ നേടിയ സിന്ധുവിവുമായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍. ശ്രീകാന്ത് പ്രാഥമിക റൗണ്ടിലെ മൂന്നു മത്സരങ്ങളും തോറ്റ് പുറത്തായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമി ഫൈനലില്‍ എത്തിയത്. 2017-ലെ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ചൈനയുടെ ലോക പത്താം നമ്പര്‍ താരം ചെന്‍ യുവേഫിയെയാണ് സെമിയില്‍ 21-9, 21-13-എന്ന സ്‌കോറിന് സിന്ധുപരാജയപ്പെടുത്തിയത്.

2016-ലെ ബ്രസീല്‍ ഒളിമ്പിക്‌സിലും 2017-ലെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ സിന്ധു 2013, 14 വര്‍ഷങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലവും നേടിയിരുന്നു.

DONT MISS
Top