മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പുരോഹിതരുടെ കാര്‍ കത്തിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കാര്‍ തീയിട്ട നിലയില്‍

ഭോപ്പാല്‍: മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് പുരോഹിതരുടെ കാര്‍ കത്തിച്ച സംഭവത്തില്‍ മധ്യപ്രദേശില്‍ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സത്‌ന ജില്ലയിലാണ് സംഭവം. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്ത സംഘത്തെ പുറത്തിറക്കാന്‍ പോയ പുരോഹിതരുടെ കാറാണ് നശിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് പുരോഹിതരടക്കം മുപ്പതംഗ കത്തോലിക് കരോള്‍ സംഘത്തെ സത്‌ന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി കാട്ടി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. പിന്നീട് വിവരം തിരക്കാന്‍ പോയ എട്ട് പുരോഹിതന്‍മാരെയും സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. ഇവരുടെ കാറാണ് സ്‌റ്റേഷന് പുറത്ത് കൂടിനിന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചത്.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികള്‍

സിറോ മലബാര്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സത്‌ന സെന്റ് എഫ്രേംസ് കൊളേജ് വിദ്യാര്‍ത്ഥികളെയാണ്  തീവ്ര ഹിന്ദു സംഘടനയായ ബജ്രംഗ്ദള്‍ തടഞ്ഞുവെച്ചശേഷം പൊലീസില്‍ ഏല്‍പ്പിച്ചത്. ഇവരെ ചോദ്യം ചെയ്തശേഷം പിന്നീട് വിട്ടയച്ചു. 1992 മുതല്‍ ക്രിസ്തുമസ്‌ കാലത്ത് സെമിനാരിയുടെ നേതൃത്വത്തില്‍ സമീപത്തെ ഗ്രാമങ്ങളില്‍ കരോള്‍ പരിപാടി അവതരിപ്പിച്ച് വരുന്നുണ്ട്. കരോള്‍ പരിപാടിക്കിടെ ഒരു വിഭാഗം പ്രകോപിതരായി സംഘത്തിനെതിരേ തിരിയുകയായിരുന്നു.

DONT MISS
Top