നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംഗ് ഗ്ലാസും പിന്നെ ക്ലീന്‍ ഷേവും; തടി കുറച്ച് കൂടുതല്‍ സുന്ദരനായ ലാലേട്ടനെ നേരില്‍ കണ്ടതിന്റെ ആവേശത്തില്‍ ആരാധകര്‍

ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടി മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തടി കുറച്ചത് ഏറെ വാര്‍ത്തയായിരുന്നു. ഒടിയന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാണിക്യന്റെ യൗവനകാലം അവതരിപ്പിക്കാന്‍ വേണ്ടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തടി കുറച്ചത്. സുന്ദരനായ മാണിക്യനാകാന്‍ വേണ്ടി പതിനെട്ട് കിലോയോളം ഭാരമാണ് കുറച്ചത്.

ഭാരം കുറച്ച് കൂടുതല്‍ സുന്ദരനായെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴും ആരാധകരില്‍ പലരും സംശയത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ തടി കുറച്ചിട്ടുണ്ടാവില്ലെന്നും സ്‌പെഷ്യല്‍ ഇഫക്ടിന്റെയോ മറ്റോ സഹായത്തോടെ മെലിഞ്ഞതായി കാണിച്ചതായിരിക്കുമെന്നായിരുന്നു പലരുടെയും സംശയം.

സംശയങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടാണ് ഇന്ന് ഇടപ്പള്ളിയില്‍ നടന്ന പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത്. മൈജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ ലാലേട്ടനെ നേരില്‍ കണ്ടതോടെ ആരാധകരുടെ സംശയങ്ങള്‍ മാറി പകരം അത്ഭുതമായി.

ഒടിയന്‍ ലുക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം മോഹന്‍ലാല്‍ ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. പുതിയ ഗെറ്റപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ വൈറലായ സമയമായതിനാല്‍ താരത്തെ നേരില്‍ കാണാന്‍ നിരവധി ആരാധകരാണ് ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയത്.

ആരാധകരുടെ തിക്കും തിരക്കും കാരണം ഇടപ്പള്ളിയില്‍ ഗതാഗത സ്തംഭനവുണ്ടായി. നീല കളറിലുള്ള ടീഷര്‍ട്ടും നീല ജീന്‍സും അണിഞ്ഞ് ക്ലീന്‍ഷേവിലായിരുന്നു താരം എത്തിയത്. മീശ പിരിക്കുന്ന ലാലേട്ടനെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ മീശയില്ലാതെ ലാലേട്ടന്‍ വന്നതും ഏറെ കൗതുകമായിരുന്നു.

കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാനപ്രസ്ഥം, പഞ്ചാഗ്നി, ഇരുവര്‍ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് താരം ഇതിനു മുന്‍പ് ക്ലീന്‍ഷേവ് ചെയ്തിട്ടുള്ളത്. മീശയില്ലാതെ തടി കുറച്ച് കൂടുതല്‍ ചെറുപ്പമായ ലാലേട്ടനെ ഒടിയന്റെ ടീസറില്‍ കണ്ടപ്പോഴും ആരാധകരില്‍ പലരും കരുതിയിരുന്നത് ഇതിനു പിന്നില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് തന്നെയായിരിക്കുമെന്നാണ്.

എന്തായാലും തടി കുറഞ്ഞ് കൂടുതല്‍ സുന്ദരനായ താരത്തെ നേരില്‍ കണ്ടതോടെ പിന്നില്‍ കൃത്രിമത്വമൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍ക്ക്. ഒടിയന്റെ യൗവന കാലത്തിനു വേണ്ടി ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും കഥാപാത്രത്തിനു വേണ്ടി താരം കഠിന പ്രയത്‌നത്തിലൂടെ രൂപം തന്നെ മാറ്റുകയായിരുന്നുവെന്നും വ്യക്തമായി.

ശരീര സൗന്ദര്യത്തില്‍ തീരെ ശ്രദ്ധ കാണിക്കാത്ത പ്രകൃതമാണ് താരത്തിന്റേത്. അതുകൊണ്ടു തന്നെയാണ് ഒടിയനു വേണ്ടി താരം നടത്തിയ കഠിന പരിശീലനം ഏറെ ശ്രദ്ധയാകര്‍ഷിച്ചത്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ മുപ്പത് വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്.

ഫ്രാന്‍സില്‍നിന്ന് എത്തിയ ആയുര്‍വേദ വിദഗ്ധര്‍, ത്വക് രോഗ വിദഗ്ധര്‍, ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ദ സംഘമാണ് മോഹന്‍ലാലിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കൂടെ നിന്നത്. ദിവസവും ആറു മണിക്കൂറോളമാണ് താരം പരിശീലനം നടത്തിയത്.

DONT MISS
Top