ജംഷഡ്പൂരുമായി അടിച്ചുപിരിഞ്ഞു; സമീഗ് ദൗത്തി ബ്ലാസ്റ്റേഴ്‌സിലേക്ക്

സമീഗ് ദൗത്തി

ജംഷഡ്പൂര്‍ എഫ്‌സിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ വിംഗര്‍ സമീഗ് ദൗത്തി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്റോയിലൂടെ ആയിരിക്കും അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുക. വേഗതയും പന്തടക്കവും ലക്ഷ്യബോധവും ഒരു പോലെ പ്രകടിപ്പിക്കുന്ന ദൗത്തി കൂടി വരുന്നതോടെ മധ്യനിര കൂടുതല്‍ ചടുലമാവുകയും മുന്നേറ്റനിരയ്ക്ക് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഭാഗമായ ദൗത്തി നാലാം സീസണിലാണ് പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്്‌സിയുടെ ഭാഗമായത്. മികച്ച സൈനിംഗ് ആയിട്ടാണ് ജംഷഡ്പൂര്‍ അതിനെ വിലയിരുത്തിയതും. എന്നാല്‍ ഇപ്പോള്‍ ദൗത്തി ടീമിന് അനഭിമതനായിരിക്കുന്നു.

ഏറ്റവും ഒടുവില്‍ ദില്ലിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ദൗത്തിയെ പ്ലേയിംഗ് ഇലവനില്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ അവശേഷിക്കുമ്പോള്‍ പകരക്കാരനായാണ് അദ്ദേഹത്തെ കളത്തിലിറക്കിയത്. ഇതില്‍ രോഷം പ്രകടിപ്പിച്ച ദൗത്തി ടീമിനെ അറിയിക്കാതെ അവരില്‍ നിന്ന് വിട്ടുപോവുകയും ദില്ലി എയര്‍പോര്‍ട്ടിന് സമീപമുള്ളൊരു ഹോട്ടലിലേക്ക് മാറുകയും ചെയ്തു. ദൗത്തിയെ കാണാതായതോടെ രാത്രിമുഴുവന്‍ ടീമംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ദൗത്തിയ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിവരം ദക്ഷിണാഫ്രിക്കന്‍ എംബസിയേയും അറിയിച്ചു. എന്നാല്‍ വെളുപ്പിന് തന്നെ ദൗത്തിയെ കണ്ടെത്താനായി.

ദൗത്തിയുടെ ഭാഗത്തുനിന്നുണ്ടായത് ഒരു പ്രൊഫഷണല്‍ താരത്തിന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനമാണെന്നാണ് ടീം മാനേജ്‌മെന്റിന്റെയും പരിശീലകന്‍ കോപ്പലിന്റെയും വിലയിരുത്തല്‍. അതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തന്നെയാണ് തീരുമാനം. പകരം ഫ്രാന്‍സില്‍ നിന്ന് പുതിയൊരുതാരത്തെ അന്വേഷിക്കുകയാണവര്‍.

മികച്ച വിംഗറാണ് ദൗത്തി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ എത്ര മികച്ച കളിക്കാരനാണെങ്കിലും അച്ചടക്കം പ്രധാനമാണെന്ന് കോപ്പല്‍ വ്യക്തമാക്കുന്നു. ദൗത്തി പുറത്തേക്കുള്ള വഴിയിലാണെന്ന് വ്യക്തമാക്കുന്നതാണ് കോപ്പലിന്റെ വാക്കുകള്‍. 31 കാരനായ ദൗത്തി ദക്ഷിണാഫ്രിക്കയുടെ ഇരുപത് വയസിന് താഴെയുള്ളവരുടെ ടീമിലും ഇരുപത്തിമൂന്ന് വയസിന് താഴെയുള്ളവരുടെ ടീമിലുംകളിച്ചിട്ടുണ്ട്. എന്നാല്‍ സീനിയര്‍ ടീമില്‍ ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല.

വെസ് ബ്രൗണ്‍ വന്നതോടെ ഉഷാറായിക്കഴിഞ്ഞ ബ്ലാസ്‌റ്റേഴ്‌സിന് ദൗത്തിയുടെ വരവ് കൂടുതല്‍ കരുത്തുപകരുമെന്ന് തീര്‍ച്ചയാണ്. ബ്രൗണിന്റെ വരവ് മധ്യനിരയില്‍ മങ്ങിനിന്ന പെര്‍ക്കൂസനെയും ഉണര്‍ത്തിയിട്ടുണ്ട്. ദൗത്തി കൂടിവരുമ്പോള്‍ അത് കരുത്തിന്റെ സമ്പൂര്‍ണതയിലേക്ക് തന്നെ ഉയര്‍ന്നേക്കും. ജര്‍മനിയില്‍ നിന്ന് ജാന്‍ ക്രിക്കോഫ് എന്നൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കൂടി ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നുണ്ട്. ഇതുരണ്ടും സംഭവിക്കുകയാണെങ്കില്‍ സീസണില്‍ ഏറ്റവും മികച്ച ടീമായി ബ്ലസ്റ്റേഴ്‌സ് ഉയരും.

എന്നാല്‍ ഒരു സങ്കേതികപ്രശ്‌നം അവശേഷിക്കുന്നുണ്ട്. ഒരു ടീമില്‍ എട്ടുവിദേശതാരങ്ങളെ ഉള്‍പ്പെടുത്താനേ കഴിയു. ഇപ്പോള്‍ ഏഴു വിദേശകളിക്കാര്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട്. അപ്പോള്‍ ഒരാളിനേക്കൂടിയെ ഇനി ടീമിന്റെ ഭാഗമാക്കാനാകു എന്നതാണ് വിഷയം. അങ്ങനെ വന്നാല്‍ ദൗത്തിയ്ക്കായിരിക്കുമോ ജാന്‍ ക്രിക്കോഫിനായിരിക്കുമോ നറുക്കെന്നത് കാത്തിരുന്നു തന്നെ കാണണം.

DONT MISS
Top