“ഗവണ്‍മെന്റ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നു; കണ്ണടച്ചിരുട്ടാക്കരുത്, എല്‍ഡിഎഫ് എന്തുചെയ്തു യുഡിഎഫ് എന്തു ചെയ്തു എന്ന് നേരിട്ടുപോയി കാണൂ”, ലത്തീന്‍ കത്തോലിക്കാ പുരോഹിതന് മേഴ്‌സിക്കുട്ടിയമ്മയുടെ മറുപടി (വീഡിയോ)

ഗവണ്‍മെന്റ് ചെയ്യാനുളളതെല്ലാം പരമാവധി ചെയ്യുന്നുണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കിട്ടാനുള്ള 2000 രൂപ പോലും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന് വാദിച്ച ലത്തീന്‍ കത്തോലിക്കാ പുരോഹിതനെ പൊളിച്ചടുക്കിക്കൊണ്ട് മന്ത്രി റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയില്‍ പങ്കെടുത്തു. എവിടെയാണ് സഹായം ലഭിച്ചതെന്ന് കൃത്യമായി പറയാന്‍ പോലും സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പുരോഹിതന് പറയാന്‍ സാധിച്ചില്ല. എല്‍ഡിഎഫും യുഡിഎഫും മത്സ്യത്തൊഴിലാളികള്‍ക്കായി ചെയ്തത് എന്തെന്ന് നേരിട്ടുപോയി കാണാനും മന്ത്രി പുരോഹിതനോട് ആവശ്യപ്പെട്ടു. സഭ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ അര്‍ത്ഥശൂന്യത മന്ത്രി വിശദീകരിച്ചു.

ഒരാഴ്ച്ച കടലില്‍ പോകാതിരിക്കുന്ന തൊഴിലാളികള്‍ക്കാണ് പണം കൊടുക്കുന്നത്. ഒരു കുടുംബത്തിലുള്ളവര്‍ക്കാണ് ഈ തുക കൊടുക്കുന്നതെങ്കിലും ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേര്‍ക്ക് തുക ലഭിച്ചെന്നുമിരിക്കും. സര്‍ക്കാര്‍ ഇത് കാര്യമാക്കുന്നില്ല. ഒറ്റ ക്ലിക്കില്‍ 1.66 ലക്ഷം പേര്‍ക്ക് തുകയെത്തും. ഇതാണ് താന്‍ ഉറപ്പിച്ച് പറയുന്നത്. ഏതെങ്കിലും ആളുകള്‍ക്ക് കിട്ടിയിട്ടില്ലെങ്കില്‍ അച്ചന്‍ ശ്രദ്ധയില്‍പ്പെടുത്തട്ടെ. മന്ത്രി വീണ്ടും ആവര്‍ത്തിച്ചു.

എന്തിനാണ് സഭ സര്‍ക്കാറിനെതിരെ തിരിയുന്നതെന്ന് മനസിലാകുന്നില്ല. എന്തിനാണ് ഹേബിയസ് കോര്‍പ്പസ് എന്ന് സഭ പറയുന്നത്? 30 ന് ദുരന്തം നടന്നു. ഇന്ന് 15-ാം തിയതി എത്തിയിട്ടേയുള്ളൂ. മരച്ചവര്‍ക്കും കാണാതായവര്‍ക്കും കൃത്യമായി ഗവണ്‍മെന്റ് കൊടുക്കുമെന്ന് പറഞ്ഞു. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരു നടപടിയും ഉണ്ടായില്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മനസിലാകും. ഇത് നമുക്ക് മനസിലാകുന്നേയില്ല എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന്. ഇങ്ങനെ കലാപമുണ്ടാക്കുന്നത് എന്ത് അര്‍ത്ഥത്തിലാണ്? മുപ്പതാം തിയതി തുടങ്ങിയ കലാപം ഇന്നും സഭ തുടരുന്നു. മന്ത്രി വൈദികനോട് പറഞ്ഞു.

ഈ ഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്യുകയാണ്. ഒരുകാലത്തും ഒരു ഗവണ്‍മെന്റും ചെയ്യാത്തത്. അമേരിക്കയിലെ കത്രീന ദുരന്തത്തില്‍ വികസിത രാജ്യം ചെയ്ത സമാശ്വാസ പദ്ധതിയേക്കാള്‍ വലിയ പദ്ധതിയാണ് ഗവണ്‍മെന്റ് ഇവിടെ പ്രഖ്യാപിച്ചത്. അതിനെയൊക്കെ തരിമ്പും മാനിക്കാതെ ഈ തരത്തിലൊക്കെ സഭ അഭിപ്രായം പ്രകടിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി എഡിറ്റേഴ്‌സ് അവറില്‍ പ്രതികരിച്ചു.

DONT MISS
Top