ആലപ്പുഴയ്ക്ക് ഇനി ഉത്സവ നാളുകള്‍: മുല്ലയ്ക്കല്‍ ചിറപ്പിന് നാളെ തുടക്കം

ആലപ്പുഴ: ആലപ്പുഴ നഗരത്തിന് ഉത്സവച്ഛായ സമ്മാനിച്ച് മുല്ലയ്ക്കല്‍ ചിറപ്പ് മഹോത്സവത്തിന് നാളെ തുടക്കമാവും. എവിജെ, കിടങ്ങാംപറമ്പ് എന്നീ ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന വര്‍ണ-ദീപാലങ്കാരങ്ങളോടെയുള്ള കമാന ഗോപുരങ്ങളുടെ അവസാന മിനുക്ക് പണികളും പൂര്‍ത്തീകരിച്ചു. കിടങ്ങാംപറമ്പ് മുതല്‍ സീറോ ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലായി താത്കാലിക കച്ചവടക്കാരും സ്ഥലമുറപ്പിച്ചു.

കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ മുതല്‍ വിവിധ പണിയായുധങ്ങള്‍ വരെ വഴിയോരങ്ങളില്‍ നിരന്നു കഴിഞ്ഞു. നഗരത്തിന്റെ പ്രധാന ഇടങ്ങളെല്ലാം ചിറപ്പ് മഹോത്സവത്തിന്റെ വരവറിയിച്ചുള്ള തോരണങ്ങളാല്‍ അലങ്കൃതമാണ്. ഇക്കുറി ചിറപ്പ് മഹോത്സവത്തെ വ്യത്യസ്തമാക്കുന്നത് കാര്‍ണിവെലുകളാണ്. രണ്ട് ഗ്രൗണ്ടുകളിലായാണ് കാര്‍ണിവെലുകള്‍ സംഘടിപ്പിക്കുന്നത്. ഇരു കാര്‍ണിവെലുകളിലും വ്യത്യസ്തമായ റൈഡുകളും എത്തിക്കഴിഞ്ഞു. മഹേശ്വരി ഗ്രൗണ്ടിലും മുല്ലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗ്രൗണ്ടിലുമാണ് കാര്‍ണിവെലുകള്‍ ഒരുങ്ങുന്നത്. ചിറപ്പിനോടൊപ്പം കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നതിനാല്‍ രണ്ടിടങ്ങളിലും വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ നിരവധി ആളുകള്‍ എത്തിച്ചേരും. തിരക്കുള്ള സമയങ്ങളില്‍ സീറോ ജംഗ്ഷന്‍ മുതല്‍ കോടതി പാലം വരെ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. സുരക്ഷയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യേക പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുകയും സിസിടിവി ക്യാമറകളും ഘടിപ്പിക്കുകയും ചെയ്യും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഷാഡോ പൊലീസും സജീവമാകും.

DONT MISS
Top