ആധാര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഫയല്‍ ചിത്രം

ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്ന ആവശ്യം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2 മണിയ്ക്കാണ് ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തുക. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് ഇന്ന് വ്യക്തതയുണ്ടായേക്കും.

ബാങ്ക് അക്കൗണ്ട് , പാന്‍കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31വരെ നീട്ടി കേന്ദ്രം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.  ബാങ്ക് അക്കൗണ്ട് ഉള്‍പെടെ 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രിം  കോടതിയെ അറിയിച്ചത്. ഇതിനു വിപരീതമായാണ് കാലാവധി അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം.

ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് പോളിസി, മ്യൂച്ചല്‍ഫണ്ട്, ക്രെഡിററ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. നിലവിലുള്ള അക്കൗണ്ടുകളുടെ കാര്യമാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പുതിയ അക്കൗണ്ടുകളില്‍ ആറ് മാസത്തിനകം ആധാര്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍  ഇന്ന് സുപ്രിം കോടതിയെ അറിയിച്ചേക്കും.

DONT MISS
Top