ഒാഖി; മരണസംഖ്യ ഉയരുന്നു, കോഴിക്കോട് ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാപ്പാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കണ്ടെടുക്കുന്നത് 11 മൃതദേഹങ്ങളാണ്.

അതേസമയം കോഴിക്കോട് അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ബേപ്പൂര്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

കോഴിക്കോട് ബേപ്പൂര്‍ തീരത്തുനിന്ന് എട്ടും, കൊച്ചി ചെല്ലാനം, മലപ്പുറം തീരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. കോഴിക്കോട് തീരത്ത് കൂടുതല്‍ മൃതദേഹം കരയ്ക്ക് അടിയാന്‍ സാധ്യത ഉള്ളതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഇന്നുമുതല്‍ കൂടുതല്‍ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തും. അഴുകിയ ശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ ആയിരിക്കും തിരിച്ചറിയുക.

സംസ്ഥാനത്ത് ഇനിയും തിരിച്ചറിയാന്‍ ഉളളത് 92 ലധികം മൃതശരീരങ്ങളാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 16 ഉം, തിരുവനന്തപുരത്ത് എട്ടും, എറണാകുളത്ത് ഏഴ്, മലപ്പുറം ജില്ലയില്‍ നാല്, കൊല്ലത്ത് മൂന്ന്, തൃശ്ശൂര്‍ ജില്ലയില്‍ ഒരു മൃതദേഹവുമാണ് തിരിച്ചറിയാന്‍ ഉള്ളത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം 15 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എറണാകുളം, കൊല്ലം ജില്ലകളില്‍ നാലും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒരു മൃതദേഹങ്ങളും ഇതിനോടകം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

DONT MISS
Top