പിവി സിന്ധുവും ശ്രീകാന്തും ദുബായ് സൂപ്പര്‍ സീരീസിന്

ഫയല്‍ ചിത്രം

ദുബായ്: സീസണിലെ അവസാന ബാഡ്മിന്റന്‍ ടൂര്‍ണമെന്റായ ദുബായ് സൂപ്പര്‍ സീരീസ് ഇന്നാരംഭിക്കും. ഷേക്ക് ഹംദാന്‍ ഇന്റോര്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍ നിന്ന് കിഡംബി ശ്രീകാന്ത്, പിവി സിന്ധു എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

കളിക്കാരെ രണ്ടു ഗ്രൂപ്പുകളായിത്തിരിച്ച് റൗണ്ട് റോബിന്‍ രീതിയിലാണ് മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവര്‍ സെമീഫൈനലില്‍ എത്തും. കിരീടത്തോടെ സീസണ് സമാപനംകുറിക്കാനുള്ള ശ്രമത്തിലാണ് ശ്രീകാന്തും സിന്ധുവും.

പുരുഷ വിഭാഗത്തില്‍ ഗ്രൂപ്പ് ബി യിലാണ് ശ്രീകാന്ത് കളിക്കുക. ഷി യുക്വി (ചൈന), ചുതിയാന്‍ ചെന്‍ (ചൈനീസ് തായ്‌പേയ്), വിക്ടര്‍ അക്‌സല്‍സെന്‍ (ഡെന്മാര്‍ക്ക്) എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്. ഇതില്‍ അക്‌സല്‍ സെന്‍ നിലവില്‍ ലോകചാമ്പ്യനാണ്.

ഗ്രൂപ്പ് എ യില്‍ സന്‍വാന്‍ഹോ (ദക്ഷിണകൊറിയ), ലീ ചോങ് വി (മലേഷ്യ), എന്‍ ജി കാ ലോംഗ് ആഗസ് (ഹോങ്കോങ്), ചെന്‍ ലോങ് (ചൈന) എന്നിവരാണുള്ളത്. ചെന്‍ രണ്ടുവട്ടം ലോകചാമ്പ്യനായിരുന്നു.

വനിതാ വിഭാഗം ഗ്രൂപ്പ് എ യിലാണ് സിന്ധു മല്‍സരിക്കുന്നത്. ഹില്‍ ബിന്‍ ജിയോവോ (ചൈന), സയാകാ സാറ്റോ, അകനെ യമഗുചി (ജപ്പാന്‍) എന്നിവരാണ് മറ്റു താരങ്ങള്‍. നടപ്പു സീസണില്‍ റെക്കോഡ് പോയിന്റ് നേടിയാണ് യമഗുചി ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. 83,710 പോയിന്റാണ് സീസണില്‍ യമഗുചി നേടിയിട്ടുള്ളത്. നിലവില്‍ പത്താം റാങ്കുകാരയാണ് സാകോ. ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ കരോലിനാ മാരിനും നിലവിലെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയും ടൂര്‍ണമെന്റില്‍ പങ്കൈാടുക്കുന്നില്ല എന്നത് സിന്ധുവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

DONT MISS
Top