ഓഖി ചുഴലി: ബേപ്പൂരില്‍ നിന്ന് ഒരു മൃതദേഹം കൂടി കിട്ടി; മരണം 61 ആയി

ഓഖി ഫയല്‍ ചിത്രം

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. കടലില്‍ കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം ഉച്ചയോടെ കോഴിക്കോട് ബേപ്പൂരിന് സമീപം കണ്ടെത്തിയതോടെയാണ് ഓഖി ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയത്. രാവിലെ ബേപ്പൂരില്‍ നിന്ന് നിന്ന് മൂന്ന് മൃതദേഹങ്ങളും കൊച്ചി ചെല്ലാനം തീരത്ത് നിന്ന് ഒരു മൃതദേഹവും കിട്ടിയിരുന്നു. ഇന്ന് മാത്രം വിവിധയിടങ്ങളിലായി 10 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ 14 -ാം ദിവസവും തുടരുകയാണ്. തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരാന്‍ തന്നെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. നേവി, കോസ്റ്റ് ഗാര്‍ഡ് സംഘവും മറൈന്‍ എന്‍ഫോഴ്‌സമെന്റും കോസ്റ്റല്‍ പൊലീസുമാണ് തെരച്ചില്‍ തുടരുന്നത്. ഇന്നലെ ഒ​​മ്പ​​തു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തിയിരുന്നു.

തെരച്ചില്‍ തുടരുമെന്നും ഇതിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ ഒറ്റത്തവണയായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

DONT MISS
Top