25 വർഷങ്ങൾക്ക് ശേഷം ഗാനഗന്ധർവനും എസ്പിബിയും ഒന്നിച്ചു; ഗാനചിത്രീകരണം ആലപ്പുഴയിൽ നടന്നു

ഗാനത്തിന്റെ ചിത്രീകരണം

ആലപ്പുഴ: ജലദൗര്‍ലഭ്യം പ്രമേയമാക്കി എംഎ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണം ആലപ്പുഴയില്‍ നടന്നു. വിവിധ കലാകാരന്‍മാരെ അണിനിരത്തി പുന്നമടക്കായലിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗം ചിത്രീകരിച്ചത്.

കേരളത്തിലെ തനത് കലാകാരന്‍മാരായ ചിത്രകാരന്‍ നമ്പൂതിരി, കഥകളി വിദ്വാന്‍ കലാമണ്ഡലം ഗോപി, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി, നര്‍ത്തകി വിനിത നെടുങ്ങാടി തുടങ്ങി വിവിധ കലകളുടെ കുലപതികള്‍ ഒരേ വേദിയില്‍ കിണര്‍ എന്ന ചിത്രത്തിന്റെ ഗാന ചിത്രീകരണത്തില്‍ രംഗത്തെത്തുകയായിരുന്നു. വര്‍ദ്ധിച്ച് വരുന്ന ജല ദൗര്‍ലഭ്യമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒന്നിച്ച് പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിലെ ഗാനത്തിനുണ്ട്. ഹരി നാരായണനും പളനി സാരഥിയുമാണ് ഗാന രചന നിര്‍വ്വഹിച്ചിട്ടുള്ളത്. തന്റെ സിനിമകളിലൂടെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങള്‍ നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ എംഎ നിഷാദ് വ്യക്തമാക്കി.

ഫ്രാഗരന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പും ഇതോടൊപ്പം ചിത്രീകരിക്കുന്നുണ്ട്. ജനുവരി അവസാന വാരത്തോടെ ചിത്രം തീയേറ്ററുകളിലെത്തും.

DONT MISS
Top