വോട്ടിംഗ് മെഷീനെതിരെയുള്ള പരാതികളെ ഇലക്ഷന്‍ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് എന്‍എസ് മാധവന്‍

എന്‍എസ് മാധവന്‍

ദില്ലി: ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് ചെയ്തത് എന്ന് കണ്ടാല്‍ വോട്ടര്‍ക്ക് പരാതിപ്പെടാന്‍ അവകാശമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരാതികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എന്‍എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍എസ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ട് ചെയ്ത ശേഷം വിവിപാറ്റ് മെഷീനില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് വീണത് എന്ന് കണ്ടാല്‍ സ്വാഭാവികമായും പരാതിപ്പെടാം. പക്ഷേ ഇങ്ങനെ പരാതിപ്പെടുന്നതിന് ചില നൂലാമാലകളുണ്ട്. പരാതിക്കാരനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും പറഞ്ഞ് ഭയപ്പെടുത്തുമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

വോട്ട് ചെയ്തത് മാറിപ്പോയെന്ന് പരാതിപ്പെടുന്നയാളെ പോളിംഗ് ഓഫീസര്‍ ഭയപ്പെടുത്തി പരാതിയില്‍ നിന്ന് പിന്മാറ്റുകയാണ് ചെയ്യിക്കുക. പരാതിപ്പെടാന്‍ ആഗ്രഹിക്കുന്നയാളോട് ആദ്യം പറയുന്നത് നിങ്ങളുടെ പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നാണ്. ഇതോടെ ഒട്ടുമിക്കവരും പരാതി കൊടുക്കാന്‍ മടിക്കും.

ഇക്കാര്യം കേട്ടിട്ടും വീണ്ടും പരാതി കൊടുക്കാന്‍ തയ്യാറാകുന്നവരോട് പിന്നെ ഒരു ഫോമില്‍ ഒപ്പിടാന്‍ ആവശ്യപ്പെടും. ഫോമിലെ വ്യവസ്ഥകളൊക്കെ ഭയപ്പെടുത്തുന്നതാണെന്നും എന്‍എസ് മാധവന്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും വിവരം തെറ്റാണെന്ന് കണ്ടാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നും ഫോമിലും ആവര്‍ത്തിക്കുന്നതോടെ ഒട്ടുമിക്കവരും പരാതി പിന്‍വലിക്കും.

ഇക്കാരണങ്ങള്‍ കൊണ്ടുമാത്രമാണ് വിവിപാറ്റ് മെഷീന്‍ വന്നിടത്തൊക്കെ വോട്ടിങ് മെഷീനെതിരെ പരാതി ഉയരാത്തതെന്നും മാധവന്‍ ട്വിറ്ററില്‍ പറഞ്ഞു.

വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായിട്ടാണെന്ന് കണ്ടാല്‍ തീര്‍ച്ചയായും പരാതിപ്പെടണമെന്നും മുഴുവന് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും എന്‍എസ് മാധവന്‍ പറയുന്നു. നിശ്ശബ്ദരായിരുന്നതിന്റെ പേരില്‍ അവകാശങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ ഓര്‍മ്മിപ്പിച്ചു.

പരാതിയില്‍ ഉറച്ചു നില്‍ക്കുന്നവരെ സാക്ഷികളുടെ സാന്നിധ്യത്തില്‍ പിന്നീട് വോട്ട് ചെയ്യിപ്പിക്കുകയും അത് വിവിപാറ്റ് സ്ലിപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തി വെക്കുകയും ചെയ്യും. അഥവാ പൊരുത്തപ്പെട്ടാല്‍ അധികമായി രേഖപ്പെടുത്തിയ ഈ വോട്ട് പിന്നീട് വോട്ടെണ്ണുമ്പോള്‍ കുറയ്ക്കുകയും ചെയ്യും.

DONT MISS
Top