കുറിഞ്ഞി ഉദ്യാനം; കെെയേറ്റം നടന്നതായി സംശയമുണ്ടെന്ന് റവന്യൂമന്ത്രി

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റമെന്ന സംശയത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇത് സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ ദേവിക്കുളം സബ്കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാര്‍ സന്ദര്‍ശന വേളയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരെ മുന്‍നിര്‍ത്തി വന്‍കിടകൈയേറ്റക്കാര്‍ സ്ഥലം കൈയേറിയതായി സംശയിക്കേണ്ടിവരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ആറ് മാസത്തിനുള്ളില്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും നടപടി കൈകൊള്ളുകയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നിയമാനുസൃത രേഖയുള്ളവരെ ഒഴിപ്പിക്കില്ലെന്നും അര്‍ഹരെ കണ്ടെത്താന്‍ പരിശോധന ആവശ്യമാണെന്നും കഴിഞ്ഞ ദിവസം  മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാന മേഖലയായ കൊട്ടക്കാമ്പൂരും വട്ടവടയും സന്ദർശിച്ചിരുന്നു. ഇടുക്കി എംപി അഡ്വ ജോയ്‌സ് ജോര്‍ജിന്റേതടക്കം വിവാദത്തിലായ ഭൂമി പ്രശ്‌നവും നീലക്കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരുടെ സംഘം കൊട്ടക്കാമ്പൂരില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയത്.

ഇടുക്കിയിലെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും  മന്ത്രിതല സംഘം ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ 10 മണിക്ക് മൂന്നാറിലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വനം മന്ത്രി കെ രാജു, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം.

DONT MISS
Top