സിറ്റിയും യുണൈറ്റഡും നേര്‍ക്കുനേര്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മത്സരം

ഓള്‍ഡ് ട്രഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. പോയിന്റ് ടേബിളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ഇന്ന് മുഖാമുഖം വരിക. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മത്സരം.

ലീഗില്‍ പതിനഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി 43 പോയിന്റോടെ ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്തും. എട്ടുപോയിന്റിന്റെ വലിയ വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുള്ളത്. അത് കുറയ്ക്കാനുള്ള തീവ്ര ശ്രമമായിരിക്കും യുണൈറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സിറ്റിയുടേത്. ലീഗില്‍ പതിനഞ്ചുമത്സരം പൂര്‍ത്തിയാക്കിയിട്ടും സിറ്റിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമായിട്ടില്ല. പതിനഞ്ചില്‍ 14 വിജയവും ഒരു സമനിലയുമാണവര്‍ക്ക്. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങളിലും അസൂയാവഹമായ പ്രകടനമായിരുന്നു അവരുടേത്. യുണൈറ്റഡിനാകട്ടെ 15ല്‍ 11 വിജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയുമാണ് ഇതുവരെ.

പോള്‍ പോഗ്ബ സസ്‌പെന്‍ഷനായതിനാല്‍ ഇന്നത്തെ മത്സരം അദ്ദേഹത്തിന് നഷ്ടമാകും. പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ നെമഞ്ചാ മാറ്റിക്കിക്കും ഫെല്ലീനിയും കളിക്കാനുള്ള സാധ്യതയില്ല. ഫില്‍ജോസും ഇബ്രാഹിമോവിച്ചും മടങ്ങിയെത്തുന്നുണ്ട്. സിറ്റി നായകന്‍ വിന്‍സന്റ് കോമ്പനിയും പരിക്കേറ്റ ഡേവിഡ് സില്‍വയും മടങ്ങിവരും. എന്നാല്‍ ഫാബിയന്‍ ഡല്‍ഫ കളിച്ചേക്കില്ല. എന്തായാലും ആരാധകര്‍ക്ക് സീസണിലെ ഏറ്റവും മികച്ച മത്സരത്തിന് ഇന്ന് സാക്ഷിയാകാനാകും.

DONT MISS
Top