സ്കൂൾ നവീകരണമില്ല, ദുരിതത്തിലായി മുന്നൂറോളം വിദ്യാർത്ഥികൾ

പാലക്കാട്: സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌മെന്റ് നടത്താതായതോടെ ദുരിതത്തിലായിരിക്കുകയാണ് നെല്ലിയാമ്പതി പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 300 ഓളം വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സ്‌കൂള്‍ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി തുടങ്ങിയതോടെ പഞ്ചായത്ത് കെട്ടിടത്തിലാണ് താത്കാലിക ക്ലാസ് റൂമുകള്‍ ഒരുക്കിയിരിക്കുന്നത്.

വിദ്യാർഥികളുടെ ക്ലാസ്റൂം ഇന്ന് പഞ്ചായത്ത് നൽകിയ പരിമിതമായ കെട്ടിടങ്ങളിലാണ്. ഏറെ കാലമായി സ്കൂൾ മോശം അവസ്ഥയിലായിട്ടും സ്കൂളിന്റെ നവീകരണ പ്രവർത്തനത്തിൽ യാതൊരു നടപടിയും മാനേജ്മെന്റ് സ്വീകരിക്കാതായതോടെ വിദ്യാർത്ഥികൾ സമരത്തിനിറങ്ങി. തുടർന്നാണ് ക്ലാസ്റൂമുകൾ പഞ്ചായത്ത് കെട്ടിടങ്ങളിലേക്ക് മാറ്റിയത്. പഞ്ചായത്ത് മാനേജ്മെന്റുമായി നടന്ന ചർച്ചയിൽ ഡിസംബർ അവസാനത്തോടെ സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു

എന്നാൽ കാലാവധി അവസാനിക്കാറായിട്ടും കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ മുന്നൂറോളം വിദ്യാർത്ഥികൾ ദുരിതത്തിലാവുകയാണ്. പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിൽ സന്തോഷമുണ്ടെങ്കിലും പഴയ വിദ്യാലയത്തിലേക്ക് തിരിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

നെല്ലിയാമ്പതിയിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമായതിനാൽ പ്രദേശത്തെ വിദ്യാർത്ഥികളുടെയും ഏക ആശ്രയമാണ് പോളച്ചിറ ഹയർ സെക്കന്ററി സ്കൂൾ. ലക്ഷങ്ങൾ വാങ്ങി അധ്യാപകരെ നിയമിക്കുക മാത്രമായിരുന്നു മാനേജ്മെന്റിന്റെ ലക്ഷ്യമെന്നും വിദ്യാർത്ഥികളുടെ സുരക്ഷയിൽ യാതൊരു താത്പര്യവും മാനേജ്മെന്റ് കാണിച്ചിരുന്നില്ലെന്നും രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. വിദ്യാർത്ഥികളെ അക്കാദമിക് നിലവാരത്തിലേക്ക് ഉയർത്താൻ സ്മാർട് ക്ലാസ് ഉൾപ്പെടെ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമ്പോഴാണ് നിലവാരമില്ലാത്ത ക്ലാസ് മുറികളും മെച്ചപ്പെട്ട പഠനസാഹചര്യവും ഇല്ലാതെ 300 ഓളം വിദ്യാർത്ഥികൾ നെല്ലിയാമ്പതിയിൽ ദുരിതത്തിലായിരിക്കുന്നത്.

DONT MISS
Top