നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിമ്പു; സിനിമയുടെ ഓഡിയോ ലോഞ്ചിങ് വേദിയില്‍ പരസ്യ ക്ഷമാപണം നടത്തി

ചിമ്പു, മൈക്കിള്‍ രായപ്പന്‍

തനിക്കെതിരെയുള്ള നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തമിഴ്താരം ചിമ്പു രംഗത്ത്. സിനിമയ്ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് പരസ്യമായി മാപ്പു പറഞ്ഞുകൊണ്ടാണ് ചിമ്പു രംഗത്തെത്തിയത്. ‘സക്ക പോടു പോടു രാജ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ചിമ്പു പരസ്യ ക്ഷമാപണം നടത്തിയത്.

ട്രിപ്പിള്‍ എ എന്ന തന്റെ സിനിമ വിജയിച്ചിട്ടില്ലെന്ന് തനിക്കറിയാം. എന്നാല്‍ പരാജയത്തില്‍ തനിക്ക് വിഷമമില്ല. അത് താന്‍ ആരാധകര്‍ക്കു വേണ്ടി ചെയ്ത ചിത്രമാണെന്നായിരുന്നു ചിമ്പുവിന്റെ പ്രതികരണം. തന്റെ ഭാഗത്ത് തെറ്റുകളുണ്ടായിട്ടുണ്ടെന്നും താനതിന് മാപ്പു ചോദിക്കുന്നുവെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു.

താന്‍ നല്ലവനാണെന്ന് അവകാശപ്പെടുന്നില്ലെന്നും തന്റെ തെറ്റുകള്‍ക്ക് മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞ ചിമ്പു ചിത്രം പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞ് നിര്‍മ്മാതാവ് പരാതിയുമായി രംഗത്ത് വരുന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സിനിമ ചിത്രീകരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയണമായിരുന്നു എന്നും അല്ലാതെ ചിത്രം പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞ് പരാതിയുമായി രംഗത്ത് വരരുതായിരുന്നുവെന്നും ചിമ്പു പ്രതികരിച്ചു.

ചിമ്പുവിനെ നായകനാക്കി നിര്‍മ്മിച്ച എഎഎ അഥവാ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രം പൂര്‍ണ്ണ പരാജയമായതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചിമ്പുവിനാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സിനിമ പരാജയപ്പെട്ടത് മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പുതന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തിയ ചിത്രത്തില്‍ തമന്നയും ശ്രേയയുമായിരുന്നു നായികമാര്‍. ചിത്രത്തില്‍ മൂന്ന് വേഷത്തിലാണ് ചിമ്പുവെത്തുന്നത്. ചിമ്പുവിന്റെ പിടിവാശിയാണ് ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതെന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി.

DONT MISS
Top