അഞ്ചാം ബാലന്‍ ഡി ഓര്‍, മെസിക്ക് ഒപ്പമെത്തി റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്കാരവുമായി


പാരിസ്: 2016 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അര്‍ഹനായി. അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്.

ഇത് അഞ്ചാം തവണയാണ് റോണോ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഇതോടെ മെസിയുടെ അഞ്ച് പുരസ്‌കാരങ്ങള്‍ എന്ന നേട്ടത്തിനൊപ്പം സിആര്‍7 ഉം എത്തി. നേരത്തെ ഫിഫയുടെ മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരട്ട നേട്ടമാണ് പോര്‍ച്ചുഗല്‍ താരം സ്വന്തമാക്കിയിരിക്കുന്നത്.

റൊണാള്‍ഡോയ്ക്ക് 946 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ മെസിക്ക് ലഭിച്ചത് 670 പോയിന്റ്. 361 പോയിന്റുമായി ബ്രസീലിന്റെ നെയ്മറാണ് മൂന്നാം സ്ഥാനത്തെത്തിയത്. പുരസ്‌കാര നേട്ടത്തില്‍ സന്തോഷവാനാണെന്നും കരിയറിലെ മനോഹരമായ നിമിഷമാണിതെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

റയല്‍ മാഡ്രിഡിന് വേണ്ടി സ്പാനിഷ് ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് റോണോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നേരത്തെ 2008, 2013, 2014, 2016 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. നേരത്തെ ഫിഫ ബാലന്‍ ഡി ഓര്‍ എന്നായിരുന്നു പുരസ്‌കാരം അറിയപ്പെട്ടിരുന്നത്. ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്.

DONT MISS
Top