തലസ്ഥാനനഗരി ചലച്ചിത്ര ലഹരിയില്‍; ഇന്ന് 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: തലസ്ഥാന നഗരിയ്ക്ക് ഉത്സവച്ഛായ പകര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം. ഉദ്ഘാടന ചിത്രം ഉള്‍പ്പടെ 16 ചിത്രങ്ങള്‍ ആദ്യദിനം പ്രദര്‍ശിപ്പിക്കും. ലോക സിനിമ വിഭാഗത്തില്‍ നിന്ന് 13 ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിന് എത്തും.

ചിത്രങ്ങള്‍ക്കായുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. 60 ശതമാനം സീറ്റുകള്‍ക്കാണ് റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഡെലിഗേറ്റിന് ഒരുദിവസം മൂന്ന് ഷോ മാത്രമെ റിസര്‍വ് ചെയ്ത് കാണാനാകൂ.

ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ എന്നീ വിഭാഗങ്ങളിലായാകും പ്രദര്‍ശനം. ലോക സിനിമാ വിഭാഗത്തില്‍ 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ടാഗോര്‍, കലാഭവന്‍, കൈരളി, തുടങ്ങിയ തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുന്നത്. ‘കിംഗ് ഓഫ് പെക്കിംഗ്’, ‘ഹോളി എയര്‍’, ‘വുഡ് പെക്കേഴ്‌സ്’, ‘ഡോഗ്‌സ് ആന്റ് ഫൂള്‍സ്’, ‘ദ ബ്ലസ്ഡ്’ എന്നീ ചിത്രങ്ങള്‍ സിനിമാ ആസ്വാദകര്‍ക്ക് നവ്യാനുഭവമാകും സമ്മാനിക്കുക.

ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ എന്നിവയിലൂടെ സീറ്റുകള്‍ റിസര്‍വ്വ’ ചെയ്യാം. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി റാമ്പുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

DONT MISS
Top