ദുരിതം വിതച്ച് കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ആളുകളെ മാറ്റി പാര്‍പ്പിച്ചു

കാട്ടുതീ പടര്‍ന്നപ്പോള്‍

ലോസ് ഏഞ്ചല്‍സ്: ലക്ഷക്കണക്കിന് ആള്‍ക്കാരെ ദുരിതത്തിലാഴ്ത്തി കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കാനായത്. കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളത് കാട്ടുതീ വ്യാപിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ലോസ് ഏഞ്ചല്‍സിലും പരിസര പ്രദേശങ്ങളിലുമായി മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇതുവരെ കാട്ടുതീയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഏക്കറുകള്‍ വ്യാപിച്ച് കിടക്കുന്ന വനപ്രദേശവും നിരവധി കെട്ടിടങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാലിഫോര്‍ണിയന്‍ നഗരമായ വെഞ്ച്യൂറ കൗണ്ടിയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടു തീ വ്യാപിച്ചതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം വരുന്ന പ്രദേശവാസികളെ താത്കാലിക ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ആയിരക്കണക്കിന് അഗ്നിശമന ഉദ്യോഗസ്ഥരാണ് നാലുദിവസങ്ങളായി തുടരുന്ന കാട്ടുതീ അണയ്ക്കാന്‍ പരിശ്രമിക്കുന്നത്.

സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ സാന്റിയാഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും അടച്ചിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വെള്ളിയാഴ്ചയും കാട്ടുതീ പടരാനാണ് സാധ്യതയെന്നും അതുകൊണ്ട് തന്നെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

DONT MISS
Top