”ദില്ലി ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി മന്ദിര്‍”; വിവാദ പ്രസ്താവനയുമായി വീണ്ടും വിനയ് കത്യാര്‍

വിനയ് കത്യാര്‍

ദില്ലി: താജ്മഹലിന് പിന്നാലെ ദില്ലി ജുമാ മസ്ജിദിനും അവകാശവാദവുമായി ബിജെപി എംപി വിനയ് കത്യാര്‍. ദില്ലി ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി മന്ദിര്‍ ആയിരുന്നുവെന്നാണ് കത്യാറിന്റെ കണ്ടുപിടുത്തം.

ഇതിന് മുന്‍പും കത്യാര്‍ ഇത്തരത്തില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.  ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ശിവക്ഷേത്രമായ തേജോ മഹല്‍ ആയിരുന്നുവെന്നാണ് നേരത്തെ കത്യാര്‍ അവകാശപ്പെട്ടിരുന്നത്. ‘മുഗള്‍ ഭരണ കാലത്ത് 6,000 ത്തോളം ഹിന്ദു ക്ഷേത്രങ്ങളാണ് ഇത്തരത്തില്‍ കൈയേറിയത്. ദില്ലി ജുമാ മസ്ജിദ് ജമുനാ ദേവി ക്ഷേത്രവും താജ് മഹല്‍ തേജോ മഹലുമാണ്’. കത്യാര്‍ ആവര്‍ത്തിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് കത്യാര്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. താജ്മഹലും ചെങ്കോട്ടയും നിര്‍മിച്ച ഷാജഹാന്‍ തന്നെയാണ് 17-ാം നൂറ്റാണ്ടില്‍ ജുമാ മസ്ജിദും പണിതത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം ലഘുലേഖയില്‍ നിന്ന് താജ്മഹലിന്റെ പേര് നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു.

DONT MISS
Top