കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം: സര്‍ക്കാരിനെതിരെ ഹരിതട്രിബ്യൂണലില്‍ സിപിഐയുടെ ഹര്‍ജി

ഫയല്‍ ചിത്രം

ചെന്നൈ: മൂന്നാര്‍ കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ സിപിഐഎമ്മിനെതിരെ തുറന്ന യുദ്ധത്തിന് സിപിഐ തയ്യാറെടുക്കുന്നു. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സിപിഐ ചെന്നൈ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി പ്രസാദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുറിഞ്ഞി ഉദ്യാനത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയും പിന്തുണയോടെയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ്-കൗണ്‍സില്‍ യോഗങ്ങള്‍ സമാപിച്ചതിന് പിന്നാലെയാണ് ഹര്‍ജിയുമായി കൗണ്‍സില്‍ അംഗം തന്നെ രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതീവപരിസ്ഥിതി ദുര്‍ബല മേഖലയായ മൂന്നാറിലും കുറിഞ്ഞി ഉദ്യാനത്തിലും വന്‍തോതില്‍ കൈയേറ്റങ്ങള്‍ നടക്കുകയാണ്. ഇതിന് പ്രമുഖ രാഷ്ട്രീയനേതാക്കളുടെ പിന്തുണയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തി ഇല്ലാത്തതിനാലാണ് ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത്. അതിനാല്‍ ഇക്കാര്യത്തില്‍ ഹരിത ട്രിബ്യൂണലില്‍ നിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനായി അടുത്തിടെ മൂന്നംഗ മന്ത്രിതല ഉപസമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ സന്ദര്‍ശനം ഈ മാസം 11, 12 തീയതികളില്‍ നടക്കാനിരിക്കെയാണ് സിപിഐ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരുള്‍പ്പെട്ടതാണ് സമിതി.

ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമിക്ക് പട്ടയം റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ 24 ഏക്കറോളം ഭൂമി കുറിഞ്ഞി ഉദ്യാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടയം റദ്ദാക്കിയതിനെതിരെ ഇടുക്കിയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു സമിതിക്ക് രൂപം നല്‍കിയത്. മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

സമിതി രൂപീകരണത്തിന് പിന്നാലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവുവരുമെന്ന് റവന്യൂവകുപ്പ് സെക്രട്ടറി പിഎച്ച് കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ റവന്യൂമന്ത്രി തന്നെ രംഗത്തെത്തി. സര്‍വെ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളൂവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സമിതിയിലെ മറ്റൊരംഗമായ വൈദ്യുതി മന്ത്രി എംഎം മണിയുടെതും.

DONT MISS
Top