ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 13 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതി അനുമതി

പ്രതീകാത്മക ചിത്രം

മുംബൈ: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 13 കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. 26 ആഴ്ച ഗര്‍ഭിണിയാണ് പെണ്‍കുട്ടി. 20 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയത്.

പെണ്‍കുട്ടിയെ ഇവരുടെ ബന്ധുതന്നെയാണ് നിരന്തരമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവാണ് തന്റെ മകള്‍ക്ക് ഒരു കുട്ടിക്ക് ജന്മം നല്‍കാനുള്ള ആരോഗ്യമില്ല എന്നു ചൂണ്ടിക്കാട്ടി ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്.

പിതാവിന്റെ ആവശ്യം പരിഗണിക്കുന്നതിനായി കോടതി തന്നെ പെണ്‍കുട്ടിയെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും പ്രസവം അപകടമാണെന്നുള്ള റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ നല്‍കുകയും ചെയ്തു.

ആശുപത്രി നല്‍കിയ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ പ്രായവും പരിഗണിച്ചാണ് കോടതി ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കുട്ടി ഈ പ്രായത്തില്‍ പ്രസവിച്ചാല്‍ ജീവിതകാലം മുഴുവന്‍ നാഡീ സംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കേണ്ടി വരും. കൂടാതെ പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ പരിഗണിച്ചുമാണ് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.

DONT MISS
Top