കാണാതായവര്‍ എത്ര? ഓഖി ചുഴലിയില്‍ കണക്കൂട്ടലുകള്‍ തെറ്റി സര്‍ക്കാര്‍


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഇല്ലാതെ വലയുകയാണ് സര്‍ക്കാര്‍. 201 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന ലത്തീന്‍ അതിരൂപതയുടെ വാദത്തിന് മറുപടി പറയാന്‍ സര്‍ക്കാരിന് ആയിട്ടില്ല. ചുഴലിക്കാറ്റില്‍പെട്ട് മത്സ്യതൊഴിലാളികളെ കാണാതായിട്ട് ആറുദിവസം പിന്നിടുമ്പോഴാണ് ഈ അവസ്ഥ.

കാണാതായവരെ കുറിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. മരണപ്പെട്ടവരെ സംബന്ധിച്ച വിവരശേഖരണവും പൂര്‍ത്തിയായില്ല. 92 പേരെ മാത്രമേ കണ്ടെത്താനുള്ളൂവെന്ന് സര്‍ക്കാര്‍ മേനി നടിക്കുമ്പോഴാണ് ഇനിയും 201 പേരെ കണ്ടെത്താന്‍ ഉണ്ടെന്ന് വാദം ഉയര്‍ത്തി ലത്തീന്‍ കത്തോലിക്ക സഭ രംഗത്തെത്തിയത്. കത്തോലിക്ക സഭയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ കണക്കുകളും കണക്കുകൂട്ടലുകളും തെറ്റുകയാണ്. കൊച്ചിയില്‍ നിന്ന് പോയ 700 മത്സ്യതൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 68 ബോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നും ഇവര്‍ പറയുന്നു.

വകുപ്പുകളുടെ ഏകോപനത്തിലെ താളപ്പിഴകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതും ഗുരുതര വീഴ്ചയാണ്. മത്സ്യബന്ധനത്തിന് പോയവരുടെ വിവരശേഖരണം നടത്താന്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം എവിടെ തെറ്റിയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഗോവയിലും എത്തിച്ചേര്‍ന്ന മത്സ്യതൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങളും ഇന്നും ജലരേഖ തന്നെയായി തുടരുകയാണ്. കണക്കുകളെ ചോദ്യം ചെയ്ത് മതമേലധ്യക്ഷന്‍ന്മാര്‍ രംഗത്തു വരുമ്പോള്‍ സര്‍ക്കാരിന് മറുപടി പറയാന്‍ കഴിയാത്തത് കൃത്യമായ വിവരം ഇല്ലാത്തതിനാലാണ്. മത്സ്യതൊഴിലാളികളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ പ്രതിക്കൂട്ടിലാകുക സര്‍ക്കാര്‍ മാത്രമാകും.

DONT MISS
Top