മന്ത്രിസഭായോഗം ഇന്ന്: ഓഖി ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും

(ഫയല്‍ ചിത്രം)


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശ മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പലാണ് സര്‍ക്കാര്‍. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയടക്കം നല്‍കുന്നതാകും പാക്കേജ്. തീരദേശമേഖലയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുണ്ടായ പ്രതിഷേധം ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ പ്രതിഷേധം തണുപ്പിക്കുന്നതിന് കൂടിയാണ് തീരദേശമേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

ദുരന്തമേഖലയ്ക്ക് പ്രത്യേക പാക്കേജായിരിക്കും അനുവദിക്കുക. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ, അടിമത്തുറ ഭാഗങ്ങളുടെ പുന:രുദ്ധാരണമടക്കമാകും പാക്കേജ് പ്രഖ്യാപിക്കുക. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും പരിഗണിച്ചേക്കും. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള ധനസഹായം നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷവും പരുക്കേറ്റവര്‍ക്ക് പതിനയ്യായിരം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. ഇത് 30,000 ആയി വര്‍ധിപ്പിക്കാനാണ് തീരുമാനം. മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള നടപടികളും ഉണ്ടായേക്കും.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവിലെ സ്ഥിതിഗതികളും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് സൂചന.

DONT MISS
Top