മൂന്നുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ചു; അമ്മ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഗാസിയാബാദ്: നവജാത ശിശുവിനെ കൊലപ്പെടുത്തി വാഷിംഗ് മെഷിനില്‍ ഒളിപ്പിച്ച സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍ ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷിനില്‍ ഒളിപ്പിക്കുകയായിരുന്നു.

മെഷിനില്‍ വസ്ത്രങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തൊന്നുകാരിയായ ആരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസം മുന്‍പാണ് ആരതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഞായറാഴ്ച രാവിലെ 8 മണിവരെ കുഞ്ഞ് വീട്ടിലുണ്ടായതായി വീട്ടുകാര്‍ സ്ഥിരീകരിച്ചിരുന്നു. ‘രാവിലെ ആരതി കഞ്ഞിന് മുലയൂട്ടുന്നത് കണ്ടതാണ്. പിന്നീട് കുഞ്ഞിനെ കാണാതായപ്പോള്‍ ആരതിയോട് ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പരിസര പ്രദേശങ്ങളിലും മറ്റുമായി അന്വേഷണം നടത്തി, പക്ഷെ വിവരമൊന്നും ലഭിച്ചില്ല. ഏറെ നേരത്തെ തെരച്ചില്‍ നടത്തിയിട്ടും കാണാതിരുന്നപ്പോള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി സംശയിച്ച് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു,’ ഭര്‍ത്തൃ മാതാവ് മുനിഷ് കുമാരി പറഞ്ഞു.

തനിക്കും വീട്ടുകാര്‍ക്കും ആണ്‍കുഞ്ഞിനെ ആയിരുന്നു വേണ്ടതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അതേസമയം പെണ്‍കുഞ്ഞിനെ ഇഷ്ടമല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി.  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ‘ഞങ്ങള്‍ ഏറെ സന്തോഷത്തിലായിരുന്നു.’ പെയിന്റിംഗ് തൊഴിലാളിയായ ആരതിയുടെ ഭര്‍ത്താവ് മോഹിത് സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം തുടക്കത്തില്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചു.  അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരതിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. അമ്മയെന്ന നിലയില്‍ അവസാനമായി കുഞ്ഞിനെ എവിടെയാണ് കണ്ടതെന്ന് പോലും യുവതിക്ക് പറയാന്‍ സാധിച്ചിരുന്നില്ല. ഷാള്‍ കുരുക്കി ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ ഫലം പുറത്തുവന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

മോഹിതിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

DONT MISS
Top