‘പരേതന്‍’ ഒടുവില്‍ പിടിയിലായി; സ്വന്തം ചരമവാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ജോസഫിനെ കോട്ടയത്ത് നിന്ന് കണ്ടെത്തി

പത്രത്തില്‍ വന്ന ചരമവാര്‍ത്ത

കണ്ണൂര്‍: സ്വന്തം ചരമവാര്‍ത്ത പത്രത്തില്‍ നല്‍കി അപ്രത്യക്ഷനായ വൃദ്ധനെ കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കോട്ടയത്തു നിന്നാണ് കണ്ടെത്തിയത്.

സഹോദരന്‍ മരിച്ചെന്നും പണം അയക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ഷികവികസന ബാങ്കിലാണ് ജോസഫ് എത്തിയത്. ബാങ്ക് മാനേജര്‍ തളിപ്പറമ്പ് ശാഖയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസിലും അറിയിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാല്‍ വിവരങ്ങള്‍ കോട്ടയം എസ്പിയെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ ലോഡ്ജ് മുറിയില്‍ കണ്ടെത്തി.

കോട്ടയത്തുനിന്നും കണ്ണൂരിലെത്തിക്കുന്ന ജോസഫിനെ കോടതിയില്‍ ഹാജരാക്കും. വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ടാണ് ജോസഫ് അപ്രത്യക്ഷനായത്. ചരമവാര്‍ത്ത പത്രത്തില്‍ കണ്ടു ഞെട്ടിയ വീട്ടുകാര്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത് ജോസഫ് തന്നെ നല്‍കിയതാണെന്ന് വ്യക്തമായി. ജോസഫിന് വേണ്ടി ഇതരസംസ്ഥാനങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

നവംബര്‍ 27 നാണ് ജോസഫിനെ കാണാതായത്. രോഗബാധിതനായ ജോസഫ് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സക്ക് പോകുന്നെന്ന് പറഞ്ഞാണ് വീടു വിട്ടത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നെന്ന് വ്യക്തമായി. പ്രമുഖ പത്രത്തിന്റെ ഓഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘുജീവചരിത്രവും എത്തിച്ചതും.

പഴയ ഫോട്ടോ നല്‍കിയതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനുമായില്ല. വാര്‍ത്ത കണ്ട് ഞെട്ടിയ ലോഡ്ജ് ജീവനക്കാരനും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ ജീവിതത്തെക്കുറിച്ചും സംസ്‌ക്കാര ചടങ്ങുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമെല്ലാം വിശദവിവരങ്ങള്‍ നല്‍കിയാണ് പരസ്യം ചെയ്തത്.

DONT MISS
Top