ആത്മഹത്യയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പ്ലാന്‍-ഡി, ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

നിസാര പ്രശ്‌നങ്ങള്‍ പോലും തരണം ചെയ്യാനാകാത്തവരാണ് പലപ്പോഴും ആത്മഹത്യയെ ആശ്രയിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആത്മഹത്യയെ പറ്റി ചിന്തിക്കാത്തവരുണ്ടോ എന്നത് സംശയമാണ്. ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരാള്‍ ഒരു പ്രത്യേക നിമിഷത്തില്‍ അത് വേണ്ടെന്ന് വെച്ചേക്കാം. പിന്തിരിയാനുള്ള ആ കാരണം തേടിപ്പോയാല്‍ ചിലപ്പോള്‍ കണ്ടെത്താനായി എന്ന് വരില്ല. അത്തരം കാരണങ്ങളിലേക്കും ഒരായിരം ചോദ്യങ്ങളിലേക്കും ഓരോ പ്രേക്ഷകനേയും എത്തിക്കുകയാണ് ‘പ്ലാന്‍-ഡി’ എന്ന ഹ്രസ്വ ചിത്രം. പ്രവാസി കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു.

ശക്തമായ പ്രമേയം അവതരിപ്പിച്ച ചിത്രത്തില്‍ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. പ്രവാസികള്‍ക്കിടയിലെ തൊഴില്‍ നഷ്ടവും ആത്മഹത്യാ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. തൊഴില്‍ നഷ്ടപ്പെടുന്ന യുവാവ് ഗത്യന്തരമില്ലാതെ ആത്മഹത്യയെ ആശ്രയിക്കുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ബ്ലൂവെയ്ല്‍ പോലെയുളള കൊലയാളി ഗെയിമുകളില്‍ അകപ്പെട്ട് ആത്മഹത്യയെ ആശ്രയിക്കുന്ന ഇന്നത്തെ യുവാക്കളോടുകൂടിയാണ് ഈ ചിത്രം സംസാരിക്കുന്നത്. പരിമിതികള്‍ തരണം ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നേറാനും ലക്ഷ്യങ്ങള്‍ നേടാനും തന്നെയാണ് ഈ കൊച്ചു ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.

ആത്മഹത്യയും അതിലൂടെ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും ഇതിന് മുന്‍പും പ്രമേയമായിട്ടുണ്ടെങ്കിലും പ്രകടനമികവ് കൊണ്ട് പുതിയ ഒരു ദൃശ്യാനുഭവമാവുകയാണ് പ്ലാന്‍-ഡി. ഏറെ ചര്‍ച്ചയായ ചിത്രം ഇതിനോടകം തന്നെ വിവിധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലുകളില്‍ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. തിരുവനന്തപുരത്ത കര്‍മ്മ ശക്തി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലിലും, നോര്‍ത്ത് അമേരിക്കയിലുള്ള ബിഎസ്ഇ ചാനല്‍ സംഘടിപ്പിച്ച ഫെസ്റ്റിവെലിലും പ്ലാന്‍-ഡി തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു.

മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് നിജയ് ഘോഷാണ്. ചിത്രത്തിന്റെ ശബ്ദമിശ്രണവും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് പട്ടാമ്പിയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ദുബായിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്.

DONT MISS
Top