ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ദേശീയ ആഘോഷമാക്കി ഉത്തരകൊറിയ

ആഘോഷ പരിപാടികള്‍

പ്യോ​ഗ്യം​ഗ്: ശക്തിയേറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം ദേശീയ ആഘോഷമാക്കിയിരിക്കുകയാണ് ഉത്തരകൊറിയ. ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ബുധനാഴ്ച നടത്തിയ മിസൈല്‍ വിക്ഷേപണമാണ് രാജ്യം ഉത്സവമാക്കിയത്.  രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. ആഘോഷത്തില്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സാന്നിധ്യം ശ്രദ്ധേയമായി. കിം ഇത്തരം ആഘോഷ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാറാണ് പതിവ്.

വെള്ളിയാഴ്ചത്തെ ആഘോഷപരിപാടിയില്‍ സൈനിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. പരീക്ഷണത്തില്‍ അഭിമാനം പൂണ്ട് സൈനികരും ജനങ്ങളും കൈയ്യടിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം പുറത്തിറങ്ങിയത്.

ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും മനസിലാക്കിക്കൊടുത്ത മിസൈല്‍ പരീക്ഷണത്തില്‍ അഭിമാനിക്കുന്നു എന്ന ബാനറുമായാണ് ജനം തെരുവിലിറങ്ങിയത്. ആണവ പദ്ധതിക്കെതിരെ യുഎന്നും യുഎസും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ച് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. സെപ്തംബറില്‍ ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയതിനു ശേഷം കുറച്ചുനാള്‍ നിശബ്ദമായിരുന്നു ഉത്തരകൊറിയ.

യുഎസിനെ പൂര്‍ണ്ണമായും സംഹരിക്കാന്‍ ശേഷിയുള്ള ഹ്വാസോംഗ് -15 മിസൈല്‍ ബുധനാഴ്ചയാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. 50 മിനുട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഘലയിലുള്ള കടലിലാണ് പതിച്ചത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോ​ഗ്യം​ഗില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത് . ഇതിന് മറുപടിയെന്നോണം
ദക്ഷിണ കൊറിയ ഇതേ പ്രഹക ശേഷിയുള്ള മിസൈല്‍ തൊടുത്തിരുന്നു.ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് യുഎസ്എ അറിയിച്ചു.

DONT MISS
Top