ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ വിശാലും; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

വിശാല്‍

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ വിശാലും രംഗത്ത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും താരം മത്സരിക്കുക. ഉലകനായകന്‍ കമല്‍‌ഹാസന്റെയും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം കാത്തുകിടന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വിശാലിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഡിസംബര്‍ 21 നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും പ്രസിഡന്റായ വിശാലിന്റെ പുതിയ ചുവട് വെയ്പ് ഏറെ അത്ഭുതത്തോടെയാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുദു ഗണേഷ്, എഐഎഡിഎംകെ ശശികലവിഭാഗത്തിന്റെ ടിടിവി ദിനകരന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ താരത്തിന് മുഖ്യ എതിരാളികള്‍. വിശാല്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യുവാക്കളെയും സാമുദായിക വോട്ടുകളും അനുകൂലമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

“എപ്പോഴും ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്  മുന്‍പ് തന്നെ തീരുമാനിച്ച കാര്യമാണ്. 2015ലെ ചെന്നൈ പ്രളയത്തിന്റെ സമയം മുതല്‍ ആര്‍കെ നഗറുമായി അടുത്ത പരിചയമുണ്ട്”. വിശാല്‍ വ്യക്തമാക്കി. വിജയ് ചിത്രം മെര്‍സലുമായി ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കെതിരെ താരം നേരത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച താരത്തിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡും നടത്തിയിരുന്നു.

DONT MISS
Top