ഗുജറാത്ത് തെരഞ്ഞെടുപ്പ്: വിമത ഭീതിയില്‍ ബിജെപി; 24 പേരെ പുറത്താക്കി

പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശക്താമാകുന്നതിനിടെ വിമത ഭീഷണിയില്‍ ബിജെപി. സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമതരായി കളത്തിലിറങ്ങാന്‍ തീരുമാനിച്ച 24 പേരെ ബിജെപി സംസ്ഥാന നേതൃത്വം പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ മുന്‍ എംഎല്‍എമാരും പുറത്താക്കിയവരില്‍പ്പെടുന്നു.

നിയമസഭയിലേക്ക് ഇത്തവണ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമതരായി മത്സരിക്കാന്‍ തീരുമാനിച്ചവരെയും അവരുടെ കൂട്ടാളികളുമാണ് പുറത്താക്കപ്പെട്ടത്. ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഇതിനകം വോട്ടെടുപ്പ് പൂര്‍ത്തിയായ ഹിമാചല്‍പ്രദേശിലെ വോട്ടണ്ണല്ലിനൊപ്പം ഡിസംബര്‍ 18 നാണ് ഗുജറാത്തിലെയും വോട്ടെണ്ണല്‍.

അതേസമയം, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന യുവ പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവം വിവാദമായി. കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ റാലി നടത്തിയതിനാണ് ഹാര്‍ദ്ദികിനെതിരെ നടപടി. എന്നാല്‍ കമ്മീഷന്‍ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും ഹാര്‍ദ്ദിക് പ്രതികരിച്ചു.

രാജ്‌കോട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ പിആര്‍ ജാനിയാണ് തെരഞ്ഞെടുപ്പ് ഹാര്‍ദ്ദിക് പട്ടേല്‍ ചട്ടം ലംഘിച്ചതായി പരാതി നല്‍കിയത്. നവംബര്‍ 29ന് രാജ്‌കോട്ടില്‍ നടത്തിയ റാലിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് ജാനി വ്യക്തമാക്കി. നേരത്തെ ജില്ലാഭരണകൂടത്തിനോട് റാലിക്കായി അനുമതി ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് റാലിയുമായി ഹാര്‍ദ്ദികും സംഘവും മുന്നോട്ട് പോയത്. 15,000 ത്തില്‍ അധികം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

ഹാര്‍ദ്ദിക് പട്ടേലിനും മറ്റുള്ളവര്‍ക്കുമെതിരെ ഐപിസി 143, 188 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാലിയുടെ വീഡിയോ പരിശോധിച്ച് വരികയാണെന്നും തുടര്‍നടപടികള്‍ അതിന് ശേഷം സ്വീകരിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

DONT MISS
Top