ഒാഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ് മേഖലയിൽ ഉണ്ടായ ഒാഖി ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്ത് നൽകും. കേരളത്തിൽ ദുരിതാശ്വാസപ്രവർത്തനം അവതാളത്തിലാണെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നും പറയുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലാകളക്ടർമാർ കൃത്യമായി കോ ഓർഡിനേറ്റ് ചെയ്യുന്നില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ആലപ്പുഴ കാട്ടൂർ, നല്ലാളിക്കൽ, മലബാറിലെ കോഴിക്കോട് എന്നിവിടങ്ങൾ ഉൾപ്പെടെ രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടൽ ക്ഷോഭം ചെറുക്കുന്നതിനായി കടൽഭിത്തി ഉൾപ്പെടെയുള്ള പരിഹാരം അനിവാര്യമാണ്.ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതിനെല്ലാം തുക ചെലവഴിക്കണം.

ഗുരുതരമായി പരുക്കേറ്റവരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.  ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 15, 000രൂപ അപര്യാപ്തമാണ്. ഈ തുക കുറഞ്ഞത് അൻപതിനായിരമായി വർദ്ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൂന്തുറയിൽ കൺട്രോൾ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട്  ഇന്നലെ ആവശ്യപ്പെട്ടതാണ്. സൗകര്യമൊരുക്കി എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് ഉദ്യോഗസ്ഥർ അവിടെ എത്തി എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തീരനിവാസികൾക്ക് ഇപ്പോഴും കൃത്യമായ വിവരം ലഭിക്കുന്നില്ല എന്നതാണ് ഏറ്റവുംവലിയ പോരായ്മ. റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭവുമായി അവർ മുന്നോട്ട് പോകുന്നത് വിവരം ലഭിക്കാത്തത് മൂലമുള്ള പരിഭ്രാന്തി കാരണമാണ്.

വിവരം എത്തിക്കുന്നതിൽ സർക്കാർ പൂർണപരാജയമാണ്. നിരവധി പാളിച്ചകൾ രക്ഷാ ദൗത്യത്തിൽ സംഭവിച്ചിട്ടുണ്ട്. വീഴ്ചകൾ ഒഴിവാക്കി സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തിൽ ഇടുക്കി, പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ മരം വീണും മറ്റും നിരവധി ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്കെടുത്ത് സഹായമെത്തിക്കണം. ആശ്വാസമെത്തിക്കാനുള്ള സമയത്ത് ഉചിതമായ നടപടി എടുത്താണ് സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top