കടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു; കണ്ടെത്താനുള്ളത് 110 പേരെ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള നാവിക-വ്യോമസേനകളുടെ തെരച്ചില്‍ തുടരുന്നു. 110 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. അതേസമയം, കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്.

ബുധനാഴ്ച കേരളത്തിന്റെ തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ശക്തമായ കടല്‍ക്ഷോഭം കേരളതീരത്ത് തുടരുകയാണ്. മഴയും കാറ്റും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനം കാര്യക്ഷമമായി തുടരുകയാണ്. നേവിയുടേയും എയര്‍ഫോഴ്‌സിന്റെയും സംയുക്തമായുള്ള തെരിച്ചില്‍ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള 104 മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി കല്‍പ്പേനിയില്‍ എത്തിച്ചു. കടലില്‍ ഒറ്റപ്പെട്ട 22 പേരെ നാവികസേന കേരള തീരത്തും എത്തിച്ചിട്ടുണ്ട്. കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

മത്സ്യതൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തോട് സഹകരിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടി പറഞ്ഞു. 110 തൊഴിലാളികള്‍ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വടക്ക് ഭാഗത്തേക്ക് കാറ്റിന്റെ ഗതി മാറിയതോടെ ആലപ്പുഴ, ഏറണാകുളം തീരപ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. രണ്ട് ഹെലികോപ്റ്ററുകളും നാലു വിമാനങ്ങളും ഉള്‍പ്പെടെ 11 കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വിഴിഞ്ഞം ഭാഗത്ത് നിന്ന് ഒരു മൃതദേഹേവും കണ്ടെത്തി. സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓരോ നിമിഷവും നിരീക്ഷിക്കുന്നുണ്ട്.

DONT MISS
Top