ബോളിവുഡ് ചിത്രം ക്വീന്‍ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു; ചിത്രീകരണം ഒരേസമയം പാരീസില്‍; അടിച്ചുപൊളിച്ച് നായികമാര്‍

മഞ്ജിമ, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ്, തമന്ന

ഹിന്ദിയില്‍ കങ്കണ റണാവത്ത് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീന്‍ നാല് ഭാഷകളിലായി റീമേക്കിനൊരുങ്ങുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. ക്വീനിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

റാണി മെഹ്‌റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ക്വീന്‍. കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചയാള്‍ തള്ളിക്കളഞ്ഞതോടെ ഫ്രാന്‍സിലേക്ക് പോകുന്ന റാണിയുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫ്രാന്‍സിലെ ജീവിതം റാണിയെ മാറ്റിമറിക്കുന്നു. കൂടുതല്‍ ആത്മവിശ്വാസവും ഉള്‍ക്കാഴ്ചകളും ലഭിച്ച് ഒടുവില്‍ തിരിച്ചെത്തുന്നു.

ക്വീനില്‍ കങ്കണ റണാവത്ത്

ഹിന്ദിയില്‍ കങ്കണ റണാവത്ത് തകര്‍ത്തഭിനയിച്ച വേഷം അത്രതന്നെ മനോഹരമായി ചെയ്യാന്‍ നാല് ഭാഷ്‌കളിലെയും നായികമാര്‍ തയ്യാറായിക്കഴിഞ്ഞു. മലയാളത്തില്‍ മഞ്ജിമയാണ് റാണി മെഹ്‌റയാകുന്നത്. തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവും നായികമാരാകും.

നാല് ഭാഷകളിലും ഒരേ സമയമാണ് ചിത്രീകരണം നടക്കുന്നത്. റാണി മെഹ്‌റയുടെ ഫ്രാന്‍സിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി നാല് നായികമാരും ഫ്രാന്‍സിലെത്തിക്കഴിഞ്ഞു. നാലുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്രാന്‍സിലെ വിശേഷങ്ങള്‍ പങ്കുവെച്ച് നാലുപേരും ഫെയ്‌സ്ബുക്ക് ലൈവിലെത്തിയിരുന്നു.

സിനിമയെക്കുറിച്ചും ചിത്രീകരണത്തിനായി ഫ്രാന്‍സിലെത്തിയതിനെക്കുറിച്ചും അവിടുത്തെ പ്രീയപ്പെട്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ നാലുപേരും വാചാലരായി. ഭാഷ പഠിച്ചെടുക്കാന്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ചും നായികമാര്‍ സംസാരിച്ചു.

മലയാളത്തില്‍ സംസം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴില്‍ പാരിസ് പാരിസ് എന്നും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈഎന്നുമാണ് പേരിട്ടിരിക്കുന്നത്. ക്വീന്‍ വണ്‍സ് എഗൈന്‍ എന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേര്.

DONT MISS
Top