എച്ച്ഐവി ബാധിതയെന്ന് ആരോപിച്ച് ഒറ്റപ്പെടുത്തല്‍: സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: കണ്ണൂരില്‍ എച്ച്‌ഐവി ബാധിതയെന്നാരോപിച്ച് അംഗനവാടി ജീവനക്കാരിയെ മാറ്റി നിര്‍ത്തിയ സംഭവത്തില്‍ ശക്തമായി ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിരന്തരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളെ അംഗനവാടിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ മയ്യില്‍ ഒറപ്പൊടിയിലെ അംഗന്‍വാടി ജീവനക്കാരിയെ എച്ച്‌ഐവി ബാധിതയെന്ന് ആരോപിച്ച് മാറ്റി നിര്‍ത്തിയ സംഭവം ഗൗരവതരമാണെന്നും സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ പ്രശ്‌നത്തില്‍ ഇടപെടുമെന്നുമാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി നിരന്തരം ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളെ അംഗനവാടിയിലെത്തിക്കാനാണ് ശ്രമം. ആവശ്യമെങ്കില്‍ ജീവനക്കാരിക്ക് വൈദ്യസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അംഗനവാടിയില്‍ ഒരു താത്കാലിക ജീവനക്കാരിയെ കൂടി നിയമിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തെത്തി കൗണ്‍സിലിങ്ങ് ക്ലാസുകള്‍ നടത്തി. എങ്കിലും കുട്ടികള്‍ അംഗനവാടിയില്‍ എത്തിത്തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

DONT MISS
Top