അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാതീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാധീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പ്രശസ്ത മിമിക്രിതാരം കലാഭവന്‍ അബിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. അബി ഇക്ക നമ്മെ ചിരിപ്പിച്ച നല്ല നിമിഷങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ടിവിഷോകള്‍ കണ്ടായിരുന്നു തന്റെ വളര്‍ച്ചയെന്നും വാപ്പച്ചിക്കൊപ്പം വിദേശത്ത് വെച്ച് അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകള്‍ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അബി ഇക്കയുടെ മകന്‍ ഷെയ്ന്‍ ഇപ്പോള്‍ മലയാളത്തിലെ മികച്ച പ്രതിഭകളില്‍ ഒരാളാണെന്നും ഷെയ്‌നോടൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് തവണ മാത്രമേ നേരില്‍ കണ്ടിട്ടുള്ളുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിതമായുള്ള അബി ഇക്കയുടെ വിടവാങ്ങലില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചു.

ആടിതീരാത്ത വേഷങ്ങള്‍ ബാക്കിയാക്കിയുള്ള നടന്‍ അബിയുടെ വിയോഗം സിനിമാ ലോകത്തേയും ആസ്വാദകരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. തൊണ്ണൂറുകളില്‍ സ്‌റ്റേജ് അടക്കി വാണിരുന്ന കലാകാരന്റെ വിയോഗത്തിലൂടെ അനുകരണ ലോകത്തിന് ഉണ്ടായ നഷ്ടം വളരെ വലുതാണ്.

മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളായ കലാഭവന്‍ അബി ഇന്ന് രാവിലെയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. യുവനടന്‍ ഷെയ്ന്‍ നിഗം മകനാണ്.

DONT MISS
Top