കാസര്‍ഗോഡ് കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് പിടിയില്‍

കാസര്‍ഗോഡ്:  ചെമനാട്ടെ റവന്യൂ ജില്ലാസ്‌കൂള്‍ കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പനക്കുകൊണ്ടുവന്ന യുവാവ് പോലീസ് പിടിയിലായി. ചെമനാട് കൊമ്പനടുക്കത്തെ മുഹമ്മദ് നാസറിനെ(40)യാണ് കാസര്‍കോട് എസ് ഐ അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം കലോത്സവനഗരിയില്‍ കഞ്ചാവുപൊതിയുമായി കറങ്ങുകയായിരുന്ന നാസറിനെ സംശയം തോന്നിയ പോലീസ് പരിശോധിക്കുകയും 25 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.

കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് നാസര്‍ കഞ്ചാവുമായി വന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കലോത്സവത്തിന്റെ തുടക്കത്തിലും കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടുവന്ന മറ്റൊരു യുവാവും പോലീസ് പിടിയിലായിരുന്നു. കലോത്സവനഗരിയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്താനുള്ള സാധ്യത മുന്നില്‍ കണ്ട് പോലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ട്. മഫ്തിയിലാണ് പോലീസ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

DONT MISS
Top