വെള്ളക്കെട്ടില്‍ മുങ്ങി വീട്, മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ഒരു കുടുംബം

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ: കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ മൃതദേഹം സംസ്‌കരിക്കാര്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. ആര്‍ ബ്ലോക്കിലെ വെള്ളക്കെട്ട് കാരണമാണ് വടക്കേച്ചിറ ബാബുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തത്. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടതിനെ തുടര്‍ന്ന് മൃതദേഹം നാട്ടുകാര്‍ ഏറ്റുവാങ്ങി.

ഇന്ന് രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വച്ച് ബാബു മരിച്ചത്. കിടപ്പാടം ഉള്‍പ്പടെ വെള്ളത്തിലായ ആര്‍ ബ്ലോക്കിലാണ് ബാബുവിന്റെ വീട്. ഇവിടെ എങ്ങനെ മൃതദേഹം സംസ്‌കരിക്കുമെന്ന ആശങ്ക വന്നതോടെയാണ് നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചത്. ജില്ലാ ഭരണകൂടം ഇടപെടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു നാട്ടുകാര്‍ തീരുമാനം. ഇതോടെ മൃതദേഹം മെഡിക്കല്‍ കോളെജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ബാബുവിന്റെ 96 വയസ്സുള്ള അമ്മയും സഹായിയും മാത്രമാണ് ആര്‍ ബ്ലോക്കിലെ വെള്ളം കയറിയ വീട്ടിലുള്ളത്. ഇവരെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വൃദ്ധസദനത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ തിരികെ ആര്‍ ബ്ലോക്കിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവിസമാണ് തിരികെ എത്തിച്ചത്. പനി കൂടിയതിനെ തുടര്‍ന്നാണ് ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വെള്ളക്കെട്ടാല്‍ ചുറ്റപ്പെട്ട ആര്‍ ബ്ലോക്കിലെ ദുരിത ജീവിതം റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ തഹസില്‍ദാര്‍ ഇടപെട്ടു. ഇതോടെ മൃതദേഹം നാട്ടുകാര്‍ ഏറ്റു വാങ്ങി. ആര്‍ ബ്ലോക്കില്‍ ലഭ്യമായ സാഹചര്യത്തില്‍ സംസ്‌കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

DONT MISS
Top