സച്ചിന്റെ ആ പത്താം നമ്പരും വിരമിച്ചു; ഇനിയാര്‍ക്കും ആ കുപ്പായം നല്‍കേണ്ടെന്ന് ബിസിസിഐ തീരുമാനം

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പത്താംനമ്പരില്‍ ക്രീസില്‍ (ഫയല്‍ചിത്രം)

മുംബൈ: ലോകക്രിക്കറ്റിലെ തന്നെ ഇതിഹാസതാരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന പത്താം നമ്പര്‍ കുപ്പായം ഇനിയാര്‍ക്കും നല്‍കേണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനം.

ഈ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയില്‍ നടന്ന നാലാം ഏകദിനത്തില്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയ മുംബൈക്കാരനായ ഫാസ്റ്റ് ബൗളര്‍ ശാര്‍ദൂല്‍ താക്കൂര്‍, സച്ചിന്റെ പത്താം നമ്പര്‍ എഴുതിയ കുപ്പായം ധരിച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പത്താം നമ്പര്‍ ഒരു ജൂനിയര്‍ താരത്തിന് നല്‍കി ബിസിസിഐ, സച്ചിനെ അപമാനിച്ചെന്നായിരുന്നു പ്രധാനവിമര്‍ശനം. ശാര്‍ദൂലും ഏറെ പരിഹാസം നേരിടേണ്ടിവന്നിരുന്നു. ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും പത്താം നമ്പര്‍ ജേഴ്‌സി ഉപയോഗിച്ചതിന് ശാര്‍ദൂലിനെ വിമര്‍ശിച്ചിരുന്നു.

ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ച താന്‍ സംഖ്യാശാസ്ത്രം നോക്കിയാണ് ആരും ധരിക്കാതെ ഒഴിഞ്ഞുകിടന്ന പത്താം നമ്പര്‍ കുപ്പായം ടീം മാനേജ്‌മെന്റിനോട് ചോദിച്ചതെന്നും സച്ചിനുമായി താരതമ്യം ചെയ്യാനുള്ള യോഗ്യത തനിക്കില്ലെന്ന് മനസിലാക്കുന്നുവെന്നും വിശദീകരിച്ച് ശാര്‍ദൂല്‍ താക്കൂര്‍ രംഗത്തുവന്നിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പത്താം നമ്പര്‍ തല്‍ക്കാലം ആര്‍ക്കും നല്‍കേണ്ടെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടിരുന്നു.

പത്താം നമ്പര്‍ കുപ്പായത്തില്‍ ശാര്‍ദൂല്‍ താക്കൂര്‍

പിന്നീട് കഴിഞ്ഞദിവസമാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കും പത്താം നമ്പര്‍ നല്‍കേണ്ടെന്ന തീരുമാനം ബിസിസിഐ സ്വീകരിച്ചത്.

2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെങ്കിലും 2012 മാര്‍ച്ചില്‍ പാകിസ്താനെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്‍ അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ജഴ്‌സിക്ക് നമ്പരില്ലാത്തതിനാല്‍ ആ മത്സരമാണ് സച്ചിന്‍ പത്താം നമ്പരില്‍ കളിക്കളത്തില്‍ ഇറങ്ങിയ അവസാന മത്സരം. തുടര്‍ന്ന് അഞ്ചുവര്‍ഷം പത്താം നമ്പര്‍ ആര്‍ക്കും നല്‍കിയില്ലെങ്കിലും ഈ വര്‍ഷം ഓഗസ്്റ്റില്‍ പത്താം നമ്പര്‍ നവാഗതനായ ശാര്‍ദൂലിന് നല്‍കി ബിസിസിഐ വിവാദത്തില്‍പ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് സച്ചിന്റെ പത്താം നമ്പര്‍ ആര്‍ക്കും നല്‍കേണ്ടതില്ലെന്ന് തീരുമാനത്തില്‍ ബിസിസിഐ എത്തിച്ചേര്‍ന്നത്.

DONT MISS
Top