അംഗനവാടി ജീവനക്കാരി എച്ച്‌ഐവി ബാധിതയെന്ന ആരോപണം: ജില്ലാഭരണകൂടം ഇടപെടുന്നു

മയ്യില്‍ പഞ്ചായത്തിലെ അങ്കണ്‍വാടി


കണ്ണൂര്‍: മയ്യില്‍ ഒറപ്പൊടിയിലെ അംഗനവാടി ജീവനക്കാരിയെ എച്ച്‌ഐവി ബാധിതയെന്ന് ആരോപിച്ച് മാറ്റി നിര്‍ത്തിയ സംഭവത്തില്‍ ജില്ലാഭരണകൂടം ഇടപെടുന്നു. വിഷയം ഗൗരവതരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ജില്ലാ ഭരണകൂടം തയ്യാറായത്.

പ്രദേശത്ത് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. അംഗനവാടിയില്‍ ഒരു താത്കാലിക ജീവനക്കാരിയെ കൂടി നിയമിക്കും. നാട്ടുകാരെയും ജീവനക്കാരെയും ഒരു പോലെ വിശ്വാസത്തിലെടുത്ത് കുട്ടികളെ അംഗനവാടിയിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

ജീവനക്കാരിയുടെ അവസ്ഥ മനുഷ്യാവകാശപ്രശ്‌നമാണെന്നും നാട്ടുകാരുടെ അറിവില്ലായ്മയാണ് ഇതിലേക്ക് നയിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷും സമ്മതിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേകടീം തന്നെ രൂപീകരിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കാനാണ് ശ്രമം.

അംഗനവാടി ജീവനക്കാരിക്ക് എച്ച്‌ഐവി രോഗമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ ബഹിഷ്‌കരിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി കുട്ടികളെ അംഗനവാടിയിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല. ഇതു മൂലം അംഗനവാടിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. എന്നാല്‍ തനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതാണെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നും ഇവര്‍ പറയുന്നു.

ജീവനക്കാരിയുടെ ഭര്‍ത്താവിന് രണ്ടു വര്‍ഷം മുന്‍പ് എച്ച്‌ഐവി സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ജീവനക്കാരിയെ ഒറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ കുട്ടികളെ അംഗനവാടിയിലേക്ക് അയക്കില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇവരെ സാമൂഹികക്ഷേമ വകുപ്പിന്റെ തന്നെ മറ്റേതെങ്കിലും ജോലി നല്‍കി പുന:രധിവസിപ്പിക്കാനാണ് നീക്കം.

DONT MISS
Top