ഇവിടെ ഈ ചിത്രങ്ങള്‍ പെണ്‍കഥകള്‍ പറയും; വരയിലൂടെ വിസ്മയം തീര്‍ത്ത് ശ്രീലക്ഷ്മി

ശ്രീലക്ഷ്മി

കൊച്ചി: ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ എന്ന് നാം കേട്ടിട്ടുണ്ട്. ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. സഹനത്തിന്റെയും വേദനയുടെയും കണ്ണീരിന്റെയും സന്തോഷത്തിന്റെയും തുടങ്ങി നൂറായിരം കഥകള്‍. ഓരോ ചിത്രവും ഓരോ സ്ത്രീയുടെയും കഥ പറഞ്ഞാലോ. അതാണ് ശ്രീലക്ഷ്മി എന്ന കലാകാരി ചെയ്യുന്നത്.

ആ ചിത്രങ്ങളിലെ സ്ത്രീ ചിലപ്പോള്‍ അമ്മയാകാം, ഭാര്യയാകാം, അനിയത്തിയാകം. അത്തരം ജീവനുള്ള ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ശ്രീലക്ഷ്മി തന്റെ ചിത്രപ്രദര്‍ശനത്തിലൂടെ. കഫെ പപ്പായയില്‍ ഒരുക്കിയിട്ടുള്ള  നൂറോളം ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. സ്ത്രീ ജീവിതം വരച്ചുകാട്ടുന്ന ജീവസുറ്റ ആ ചിത്രങ്ങള്‍ക്ക് പറയാനുള്ളത് ആഴമേറിയ കഥകള്‍ കൂടിയാണ്. ആയിരം വാക്കുകള്‍ക്ക് പറയാനാകാത്തത് ഒരു ചിത്രത്തിന് വിവരിക്കാനാകും എന്നത് തെളിയിച്ച് തരികയാണ് ശ്രീലക്ഷ്മി ഇവിടെ.

ചിത്രങ്ങളിലൂടെ വിസ്മയം തീര്‍ത്ത ശ്രീലക്ഷ്മി പക്ഷെ ചിത്രകല പഠിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീലക്ഷ്മിയുടെ ആദ്യ ചിത്ര പ്രദര്‍ശനമാണിത്. എറണാകുളം സെന്റ് തെരേസാസ് കോളെജില്‍  പഠിക്കുമ്പോള്‍ ചിത്രകലയില്‍ മൂന്ന് മാസത്തെ ബേസിക് കോഴ്‌സ് പഠിച്ചിട്ടുണ്ട്. നിലവില്‍ ദുബായില്‍ എച്ച്ആര്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയാണ് ഈ ആലപ്പുഴ സ്വദേശിനി.

ശ്രീലക്ഷ്മിയുടെ ചിത്രങ്ങളിലൂടെ

DONT MISS
Top