മഴകുറഞ്ഞു, പാലക്കാട് കടുത്ത വരള്‍ച്ചയിലേക്ക്


പാലക്കാട്: മഴ കുറഞ്ഞതോടെ കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ് പാലക്കാട് ജില്ല. പ്രധാന കാർഷിക-കുടിവെള്ള സ്രോതസ്സുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത്തോടെ ജില്ലയിൽ പല മേഖലകളിലും ജലക്ഷാമം രൂക്ഷമാണ്. നവംബർ അവസാനത്തോടെതന്നെ ജലക്ഷാമം രൂക്ഷമായതോടെ വരും വേനലിൽ കടുത്ത വരൾച്ച നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ജില്ലയിലെ കർഷകർ.

പൂർണ തോതിന്റെ പകുതി മഴ മാത്രമാണ് ഈ വർഷം ഒക്ടോബർ വരെ പാലക്കാട് ജില്ലയിൽ ലഭിച്ചിട്ടുള്ളത്. കണക്കുകൾ പരിശോധിച്ചാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളതും പാലക്കാട് ജില്ലയിലാണ്. ശരാശരിയിൽ താഴെ മാത്രം ലഭിച്ച ഇടവപ്പാതിക്ക് ശേഷം പെയ്ത തുലാമഴയും വേണ്ട രീതിയിൽ ലഭിക്കാതിരുന്നതാണ് ജില്ലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള മഴയിൽ ഗണ്യമായ കുറവ് സംഭവിച്ചതോടെ വരുന്ന വേനലിൽ ജില്ല വരൾച്ചയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുന്നു.

മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ പ്രധാന കാർഷിക-കുടിവെള്ള സ്രോതസായ മലമ്പുഴയിൽ നിന്ന് കുടിവെള്ളത്തിനും രണ്ടാംവിള കൃഷിക്കും പൂർണതോതിൽ ജലം നൽകാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാർഷികാവശ്യത്തിനു ജലം ലഭിക്കാതായതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിലാണ്. നവംബര്‍ മാസം തന്നെ വരൾച്ച ആരംഭിച്ചതോടെ വരും വേനലിനെ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് ജില്ലയിലെ കർഷകർ.

DONT MISS
Top