തനിക്ക് സുരക്ഷ ആവശ്യമില്ല; ഷെഫിന്‍ ജഹാനെ കാണാന്‍ കോളേജ് അധികൃതര്‍ സമ്മതിച്ചുവെന്നും ഹാദിയ

സുപ്രിംകോടതി വിധിക്കുശേഷം ഹാദിയ പൊലീസ് സംരക്ഷണയില്‍

സേലം: തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് സേലത്തെ കോളേജില്‍ ഹോമിയോ മെഡിസിന്റെ തുടര്‍പഠനത്തിനായി എത്തിയ ഹാദിയ. താന്‍ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കണമെന്ന തന്റെ ആവശ്യം കോളേജ് അധികൃതര്‍ അനുവദിച്ചുവെന്നും ഒരു തവണ ഷെഫിന്‍ ജഹാനെ കാണാന്‍ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നും ഹാദിയ വ്യക്തമാക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ തുടര്‍പഠനത്തിനായി എത്തിയ ഹാദിയ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉച്ചക്ക് ദില്ലിയില്‍ നിന്ന് വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഹാദിയയും സംഘവും വൈകുന്നേരത്തോടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തുകയും അവിടെ നിന്ന് പ്രത്യേകസുരക്ഷയോടെ കാര്‍ മാര്‍ഗം സേലത്തെ ശിവരാജ് ഹോമിയോ കോളെജില്‍ എത്തിക്കുകയുമായിരുന്നു. കോളേജ് അധികൃതര്‍ തുടര്‍ന്ന് ഹാദിയയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി.

അതേ സമയം ഹാദിയയെ കാണുന്നതില്‍ ആര്‍ക്കൊക്കെ അനുമതി നല്‍കണമെന്ന കാര്യത്തില്‍ കോളേജ് അധികൃതര്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിച്ചു. കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും ശിവരാജ് ഹോമിയോ കോളെജില്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. തമിഴ്നാട് പോലീസിനാണ് ഇവിടെ  ഹാദിയയുടെ സുരക്ഷാ ചുമതല.

ഹോമിയോ ഡോക്ടറായ ഹാദിയയ്ക്ക് ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കുന്നതിന് സുപ്രിംകോടതി ഇന്നലെ അനുവാദം നല്‍കുകയായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം വൈക്കത്തെ വീട്ടിലേക്കു പോവാന്‍ ഹാദിയ വിസമ്മതിച്ച സാഹചര്യത്തിലാണ് ദില്ലിയില്‍ നിന്നും നേരിട്ട് സേലത്തെ ശിവരാജ് ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്കിയത്. സേലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഹോസ്റ്റല്‍ വാര്‍ഡന്‍ മറ്റു കുട്ടി കളെ പൊലെ തന്നെ ഹാദിയയെയും പരിഗണിക്കണം. ഹാദിയ ഹോസ്റ്റല്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ഡീന്‍ വഴി കോടതിയെ അറിയിക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോളേജില്‍ ഹാദിയയുടെ സംരക്ഷണം തമിഴ്‌നാട് പൊലീസിനായിരിക്കുമെന്നുും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് ഹാദിയയെ ഇന്ന് വൈകുന്നേരത്തോടെ വിമാനമാര്‍ഗം കോളേജില്‍ എത്തിച്ചത്.

DONT MISS
Top