കുറ്റത്തിന് ‘ശിക്ഷ’ ഉറപ്പാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; വിലകൂടിയ ചെടികള്‍ തിന്നതിന് എട്ട് കഴുതകള്‍ക്ക് നാല് ദിവസം ജയില്‍ ശിക്ഷ (വീഡിയോ)

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍വച്ച് തെറ്റ് ചെയ്തിട്ട് രക്ഷപെടാമെന്ന് കഴുതകള്‍ പോലും വിചാരിക്കേണ്ട. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേടിയെടുത്ത നിയമപരിപാലന സംവിധാനത്തിന്റെ ‘കൃത്യത’ വിളിച്ചോതി എട്ട് കഴുതകള്‍ക്ക് ജയില്‍ശിക്ഷ.

ജയില്‍ പരിസരത്ത് നിന്ന ചെടികള്‍ തിന്ന് നശിപ്പിച്ചുവെന്നതാണ് കഴുതകള്‍ ചെയ്ത ഗുരുതരമായ കുറ്റം. ജയില്‍ അധികൃതര്‍ക്ക് നാശനഷ്ടവും കഴുതകളുണ്ടാക്കി. ഇതോടെ കഴുതകളെ വിചാരണകൂടാതെ ജയിലിലടയ്ക്കുകയായിരുന്നു. മാതൃകാപരമായ ശിക്ഷ ഏറ്റുവാങ്ങി നിരനിരയായി ജയിലില്‍നിന്ന് പുറത്തുവരുന്ന കഴുതകളുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

ഈ ശിക്ഷാ രീതി തങ്ങളുടെ അറിവോടെയല്ല എന്ന് ഉത്തര്‍പ്രദേശ് പൊലീസ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ജയില്‍ അധികൃതരാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ കഴുതകളുടെ ഉടമസ്ഥന്‍ ജയിലില്‍നിന്ന് തന്റെ അരുമകളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് കഴുതകളെ ജാമ്യത്തിലിറക്കാനുള്ള തുക കെട്ടിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top