‘തീവ്രം’ രണ്ടാം ഭാഗത്തില്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞിട്ടില്ല’; ദുല്‍ഖറിന് പകരം പൃഥ്വിരാജിനെ നായകനാക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രൂപേഷ് പീതാംബരന്‍

തീവ്രത്തിന്റെ രണ്ടാംഭാഗത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനെ ഒഴിവാക്കി പകരം പൃഥ്വിരാജിനെ നായകനാക്കുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ രംഗത്ത്. തീവ്രത്തിന്റെ രണ്ടാംഭാഗം ചെയ്യുന്നുണ്ട് എന്നാല്‍ അത് 2019ല്‍ മാത്രമേയുള്ളൂ. ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും രൂപേഷ് പീതാംബരന്‍ പ്രതികരിച്ചു.

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് തീവ്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചപ്പോള്‍ തീവ്രത്തിന്റെ രണ്ടാംഭാഗം ചെയ്യുന്നതിനെക്കുറിച്ചും രൂപേഷ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഏറ്റെടുത്ത കുറേയേറെ ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അതോടൊപ്പം ജെറാള്‍ഡ് ജോസിന്‍രെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജിനൊപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയായതിനു ശേഷം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.

തീവ്രം 2019 ല്‍ മാത്രമേ ഉണ്ടാവൂ എന്നും അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ദുല്‍ഖറിനെ ഒഴിവാക്കി പകരം പൃഥ്വിരാജിനെ നായകനാക്കി തീവ്രത്തിന്റെ രണ്ടാഭാഗം ഒരുക്കുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെതിരെയാണ് രൂപേഷ് പീതാംബരന്‍ പ്രതികരിച്ചത്. തീവ്രം 2019 ല്‍ ചെയ്യുമെന്നല്ലാതെ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു രൂപേഷിന്റെ പ്രതികരണം.

ബാലതാരമായി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ രൂപേഷ് പീതാംബരന്‍ സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹല്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2012 ല്‍ തീവ്രം സംവിധാനം ചെയ്തു. അടുത്തിടെ ഇറങ്ങിയ മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

DONT MISS
Top