‘ഗുജറാത്ത് എന്റെ ആത്മാവും ഭാരതം പരമാത്മാവു’മാണെന്ന് പ്രധാനമന്ത്രി; ‘എത്ര ചെളി വാരിയെറിഞ്ഞാലും കുഴപ്പമില്ല, കാരണം താമര വിരിയുന്നത് ചെളിയിലാണെന്നും’ മോദി

നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്ത് എന്റെ ആത്മാവും ഭാരതം പരമാത്മാവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഗുജറാത്തിന്റെ മകനാണെന്നും മോദി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭുജില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ കരളലിയിപ്പിക്കുന്ന പ്രസംഗം.

നോട്ട് നിരോധനത്തില്‍ കോണ്‍ഗ്രസുകാര്‍ ഒട്ടും തൃപ്തരല്ലെന്ന് തനിക്കറിയാമെന്നും അവര്‍ തന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൊള്ളയടിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും സാധാരണക്കാര്‍ക്ക് അവരുടെ പ്രതിഫലം ലഭിക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വളര്‍ന്നത് സര്‍ദാര്‍ പട്ടേലിന്റെ മണ്ണിലാണ്. അധികാരത്തിനു വേണ്ടിയല്ല, 125 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും ഗുജറാത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസുകാര്‍ സര്‍ദാര്‍ പട്ടേലിനെ അപമാനിച്ചവരാണ്. എന്നിട്ടും ഗുജറാത്തിലെ ജനങ്ങള്‍ ക്ഷമിച്ചു. എന്നാല്‍ ഇനിയും അവരുടെ അബിമാനത്തെ ചോദ്യം ചെയ്താല്‍ അവര്‍ ക്ഷമിച്ചെന്നു വരില്ല.’ പ്രധാന മന്ത്രി പറഞ്ഞു.

ഒരു പാര്‍ട്ടിക്ക് ഇത്രയേറെ അധപ്പതിക്കാനാകുമോയെന്ന് ചോദിച്ച മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്. കോണ്‍ഗ്രസ് ഗുജറാത്തിനെ ഒന്നാകെ വിസ്മരിച്ചെന്ന് മോദി കുറ്റപ്പെടുത്തി. ‘അവര്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിനെ മാത്രമല്ല വേദനിപ്പിച്ചത്, അവര്‍ മൊറാര്‍ജി ദേശായിയേും അവഗണിച്ചു. കാരണം അദ്ദേഹം ഗുജറാത്തില്‍ നിന്നായിരുന്നു. ഇതിലൂടെ ഗുജറാത്തിനെ മൊത്തത്തിലാണ് കോണ്‍ഗ്രസ് അപമാനിച്ചത്.’

തന്നെ നിരന്തരം ആക്രമിക്കുകയും തനിക്ക് നേരെ ചെളിവാരിയെറിയുകയും ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്ക് താന്‍ നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. കാരണം താമര വിരിയുന്നത് ചെളിയിലാണ്. അതിനാല്‍ ഇനിയും ചെളി വാരിയെറിഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ബിജെപി മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുത്തിരുന്നു. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ സമുദായ, സാമൂഹ്യ നേതാക്കളെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ പ്രതിരോധിക്കാന്‍ പട്ടേല്‍ വിഭാഗത്തിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് ബിജെപിയുടെ ശ്രമം.

ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ബിജെപി ഇതിനുള്ള സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേല്‍ വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

DONT MISS
Top