മാരായമുട്ടം പാറമട അപകടം: ക്വാറി ഉടമ ആല്‍ബിന്‍ അലോഷ്യസ് പൊലീസ് പിടിയില്‍

അപകടമുണ്ടായ പാറമട

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് മാരായമുട്ടത്ത് ഖനനം നടന്നുകൊണ്ടിരുന്ന പാറമടയിടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ക്വാറി ഉടമ ആല്‍ബിന്‍ അലോഷ്യസിനെ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അലോഷ്യസിനെ അറസ്റ്റ് ചെയ്തത്. പാറമടയില്‍ പണിയിലേര്‍പ്പെട്ടിരുന്ന ഹിറ്റാച്ചി ഡ്രൈവര്‍ തമിഴ്‌നാട് സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കോട്ടപ്പാറയില്‍ ആല്‍ബിന്‍ അലോഷ്യസിന്റെ ഉടമസ്ഥതയിലുള്ള പാറമടയില്‍ ഖനനം നടന്നുകൊണ്ടിരിക്കെ അപകടമുണ്ടായത്. പാറ പൊട്ടിക്കുന്നതിനിടെ പാറമടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. എട്ടുപേര്‍ ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങള്‍ക്കിടെ കുടുങ്ങിയെങ്കിലും ഏഴ്‌പേരെ പരുക്കുകളോടെ പുറത്തെടുത്തിരുന്നു. ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

രക്ഷപെടുത്തിയവരില്‍ നാലുപേരുടെ നില ഗുരുതരമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നതിനിടെയാണ് ബിനില്‍കുമാര്‍ മരിച്ചത്. മാരായമുട്ടം സ്വദേശി സുധിന്‍ (23), വെള്ളറ സ്വദേശി അജി (45) എന്നിവരും ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഇംപ്ലാന്റ് അടക്കമുള്ള എല്ലാവിധ ചികിത്സയും സൗജന്യമായാണ് മെഡിക്കല്‍ കോളെജ് നല്‍കിയത്.

അപകടമുണ്ടായ മേഖലയില്‍ അനധികൃതമായി  നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരേ പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും പാറമടകള്‍ പ്രവര്‍ത്തനം തുടരുകയാണ്. അപകടമുണ്ടായ പാറമടയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

DONT MISS
Top