‘റോയല്‍ മെക്കിലെ പെണ്‍കുട്ടി’; ചിരിവിതറിയ ട്രെയ്‌ലറിന് ശേഷം ശ്രദ്ധ പിടിച്ചുപറ്റി ‘ക്വീന്‍’ മെയ്ക്കിംഗ് വീഡിയോ


ട്രെയിലറിലൂടെത്തന്നെ ആസ്വാദകരെ ചിരിപ്പിച്ച ‘ക്വീന്‍’ എന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനെത്തുന്ന പെണ്‍കുട്ടി എന്ന കഥാതന്തുവിലൂടെയാണ് ക്വീന്‍ ട്രെയിലര്‍ സ്വീകാര്യത നേടിയത്. ആദ്യ സിനിമയാണ്, സ്വപ്‌നമാണ്, പുതിയ പിള്ളേരാണ്, മിന്നിച്ചേക്കണം എന്ന വോയിസ് ഓവറിലൂടെ തുടങ്ങുന്ന മെയ്ക്കിംഗ് വീഡിയോയെ ട്രെയിലറിന്റെ ബാക്കിയായി കൂട്ടാം. അതേ തമാശ കലര്‍ന്ന അന്തരീക്ഷം ഇതിലൂടെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നു.

എഞ്ചിനീയറിംഗ് കോളെജുകള്‍ വാര്‍ത്തകളില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ക്യാമ്പസ് കഥ പറഞ്ഞ് ക്വീന്‍ എത്തുന്നത്. റോയല്‍ മെക്ക് എന്നറിയപ്പെടുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്നവരുടെ ക്യാമ്പസ് ജീവിതമാണിത്. തികച്ചും ബ്രില്യന്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് സിനിമയുടെ കഥാ തന്തു. അങ്ങനെയിങ്ങനെയൊന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പെണ്‍കുട്ടികള്‍ പോകാറില്ല. പോവില്ല എന്നല്ല, എങ്കിലും മെക്ക് പഠിക്കാന്‍ പെണ്‍കുട്ടികളെ പൊതുവെ കാണാറില്ല. എന്നാല്‍ മെക്കാനിക്കിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നാല്‍ എന്താവും അവസ്ഥ? ഇതുവരെ കണ്ട് പരിചയിച്ച ക്യാമ്പസ് കഥകളെ ക്വീന്‍ പിന്നിലാക്കുമെന്നുറപ്പ്.

എന്നാല്‍ മെക്കാനിക് ഡിപ്പാര്‍ട്ട്‌മെന്റിനേക്കുറിച്ചുമാത്രമാവില്ല സിനിമ സംസാരിക്കുക. ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും എല്ലാമടങ്ങിയ സമ്പൂര്‍ണ ക്യാമ്പസ് പാക്കേജ് തന്നെയാവും സിനിമ. നേരത്തേ പുറത്തിറങ്ങിയ ട്രെയിലറും ഈ പ്രതീക്ഷകളെ ശരിവയ്ക്കുന്നതാണ്.നേരത്തെയെത്തിയ മോഷന്‍ പോസ്റ്ററും മികച്ചതായിരുന്നു.

ആരാണ്ടാ ആരാണ്ടാ ഞാന്‍ റോയല്‍ മെക്കാണ്ടാ എന്നുതുടങ്ങുന്ന ഗാനവും മെയ്ക്കിംഗ് വീഡിയോയില്‍ പരിചയപ്പെടാം. ഇനി ഏറെക്കാലത്തേക്ക് കോളെജുകളിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക ഗാനം ഇതായിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. അജേയ് ശ്രാവണും കേശവും ജേക്‌സും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണ് രചന. ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. സുരേഷ് ഗോപി ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

നേരത്തേ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കാണാം

DONT MISS
Top