‘നമ്മള്‍ എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി മാറിക്കഴിഞ്ഞു’; സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ സിനിമ കണ്ടിട്ടുകൂടിയില്ലെന്ന് കമല്‍ഹാസന്‍

കമല്‍ഹാസന്‍

ചെന്നൈ: വിവാദങ്ങളെത്തുടര്‍ന്ന് ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസിംഗ് മാറ്റിവെച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. വിവാദമുണ്ടാക്കുന്നവര്‍ ചിത്രത്തെ സമീപിക്കുന്നത് അതി വൈകാരികമായാണെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ചിത്രത്തില്‍ അഭിനയിച്ച ദീപിക പദുകോണിന്റെ തല വെട്ടുമെന്നുള്ള ഭീഷണികളുയര്‍ന്ന സാഹചര്യത്തില്‍ റാണി പത്മാവതിയായി അഭിനയിക്കുന്ന ദീപികയുടെ തല സുരക്ഷിതമായിരിക്കണമെന്ന് കമല്‍ഹാസന്‍ നേരത്തെ ട്വീറ്റ് ചെയതിരുന്നു.

‘എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി ഇന്ത്യന്‍ ജനത മാറിക്കഴിഞ്ഞു’വെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ചരിത്രസിനിമകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമുണ്ടാക്കുന്നവര്‍ സിനിമ കാണാന്‍ തയ്യാറാകണമെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

ചിത്രത്തിന്റെ കഥ ഹൗന്ദവ സംസ്‌കാരത്തെ താഴ്ത്തിക്കെട്ടുന്നതാണെന്ന് ആരോപിച്ചാണ് ബിജെപി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രോഷപ്രകടനം നടത്തിയത്. ചിത്രം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതൃത്വം വെല്ലുവിളിച്ചു. പത്മാവതിയുടെ സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടേയും റാണി പത്മിനിയായി അഭിനയിക്കുന്ന നടി ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രസ്താവനയുമായി ഹരിയാന ബിജെപി നേതാവും രംഗത്തെത്തിയിരുന്നു.

തന്റെ ചിത്രങ്ങള്‍ക്ക് നേരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. വിശ്വരൂപം എന്ന തന്റെ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടവരാരും ആ സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. നമ്മള്‍ പലതിനോടും അതി വൈകാരികമായാണ് പെരുമാറുന്നതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാക്കാരനായല്ല, ഇന്ത്യാക്കാരനായിട്ടാണ് താന്‍ സംസാരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ദില്ലിയില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍.

DONT MISS
Top