മുംബെെ ഭീകരാക്രമണത്തിന്റെ ഒാര്‍മയില്‍ രാജ്യം, കറുത്ത അധ്യായത്തിന് ഒന്‍പതാണ്ട്

രാജ്യത്തെ നടുക്കിയ ആ ദിനത്തിന് ഇന്ന് ഒന്‍പതാണ്ട് തികയുകയാണ്. 2008 നവംബര്‍ 26 നായിരുന്നു രാജ്യത്തെയാകെ മുള്‍ മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണം. മുന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മുംബൈയ്‌ക്കൊപ്പം രാജ്യമൊന്നടങ്കം നടുങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിദേശികളുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട സംഭവം രാജ്യം ഇന്നും വേദനയോടെയാണ് ഓര്‍ക്കുന്നത്.

മുംബൈയില്‍ വളരെ ആസൂത്രിതമായി 10 ആക്രമണങ്ങളാണ് ഭീകരര്‍ നടത്തിയത്. അറുപത് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രാജ്യത്തിന് നഷ്ടമായത് ദേശീയ സുരക്ഷാ സേനയിലെ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെയായിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബാറോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് നടുങ്ങിയ ആക്രമണത്തിനിരയായ സ്ഥലങ്ങള്‍. പാകിസ്താനില്‍ നിന്നുള്ള പത്ത് ഭീകരരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ അജ്മല്‍ കസബിനൊഴികെ മറ്റുള്ളവരെല്ലാവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയിദ് കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ വീട്ടുതടങ്കലില്‍നിന്നും സ്വതന്ത്ര്യനായത്.

ആക്രമണം നടന്ന് ഒന്‍പതാണ്ടായിട്ടും ഇന്നും രാജ്യത്തിന്റെ ചരിത്രത്തില്‍ കറുത്ത അധ്യായമായി മുംബൈ ഭീകരാക്രമണം വിലയിരുത്തപ്പെടുന്നു. മുംബൈ ആക്രമണത്തിന് ശേഷവും രാജ്യത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്തുകൊണ്ടുള്ള എത്രയോ ആക്രമണങ്ങള്‍ക്ക് നാം സാക്ഷിയായി. ഓരോ ആക്രമണങ്ങളും വിലയിരുത്തുമ്പോഴും അവ ഒരേസമയം ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും കൂടി ഓര്‍മ പുതുക്കലാണ്.

മുംബൈ ആക്രമണത്തിന്റെ ഒന്‍പതാണ്ട് ഓര്‍ക്കുമ്പോള്‍ രാജ്യം എത്രമാത്രം ഭീകരവാദത്തിന്റെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെട്ടു എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഭീകരവാദത്തിനെതിരെ കൈകോര്‍ത്തിട്ടും സുരക്ഷയുടെ ഏറവും വലിയ വെല്ലുവിളിയായി അത് ഇന്നും നിലയുറപ്പിക്കുന്നുവെന്നതാണ് വാസ്തവം.

DONT MISS
Top