മോദിയെ അനുകരിച്ചും കളിയാക്കിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ: (വീഡിയോ)

കെ സിദ്ധരാമയ്യ

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയും അനുകരിച്ചും കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ. ഒരു പൊതുപരിപാടിക്കിടെയാണ് മോദിയെ അനുകരിച്ച് സിദ്ധരാമയ്യ കൈയടി നേടിയത്. വന്‍ കൈയടിയോടെയും ചിരിയോടെയുമാണ് സദസ് സിദ്ധരമായ്യയുടെ പ്രസംഗത്തെ സ്വീകരിച്ചത്.

മോദിയുടെ മാസ്റ്റര്‍ പീസായ ‘സബ്കാ സാത്ത് സബ്കാ വികാസ്’ (എല്ലാവര്‍ക്കും വികസനം) എന്ന പ്രയോഗമാണ് സിദ്ധരാമയ്യ അനുകരിച്ചത്. മോദിയുടെ ശബ്ദത്തില്‍ സിദ്ധരാമയ്യ ഈ മുദ്രാവാക്യം പറഞ്ഞപ്പോള്‍ ആള്‍ക്കൂട്ടം കൈയടിയോടെ പൊട്ടിച്ചിരിച്ചു. എന്ത് വികസനമാണ് ഇവിടെ നടന്നത്?. കര്‍ണാടക മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയുടെ ‘അച്ഛേ ദിന്‍ ആയേഗ’ എന്ന മുദ്രാവാക്യത്തെയും സിദ്ധരാമയ്യ കളിയാക്കി. അച്ഛേ ദിന്‍ എന്നാണ് വരുന്നത്?, ആര്‍ക്കാണ് വരുന്നത്?. അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പ പ്രചാരണവേളയില്‍ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തെയും സിദ്ധരാമയ്യ കളിയാക്കി. “15 പൈസയെങ്കിലും അവര്‍ നിങ്ങളുടെ അക്കൗണ്ടിലിട്ടോ?. നല്ല ദിനങ്ങളുമില്ല, വികസനവുമില്ല, അക്കൗണ്ടില്‍ 15 ലക്ഷം രൂപയും വരില്ല”, സിദ്ധരാമയ്യ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക.

DONT MISS
Top